ശംഭോ! മഹാ ഗുരു
ശംഭോ! മഹാ ഗുരു
ഗുരു -1
പ്ലസ് ടു പഠന കാലം ...അന്നാണെങ്കിൽ ലൈൻ ഒന്നും സെറ്റ് ആവാത്തതിന്റെ മനോ വിഷമം വേറെയും .സൗന്ദര്യവും തൊലി വെളുപ്പും ,നല്ലവൻ എന്ന ഇമേജും ഒന്നുമല്ല പ്രണയത്തിന്റെ മാനദന്ധം എന്ന് ഞെട്ടലോടെ മനസ്സിലാക്കിയ സമയം എന്ന് വേണമെങ്കിൽ പറയാം .അന്നൊക്കെ പ്രണയത്തിന്റെ മാന ദന്ധം അന്വേഷിച്ചു നടക്കാത്ത ഊടു വഴികൾ ഇല്ല .എല്ലാം പാഴ് യാത്രകൾ .ലൈൻ ഇല്ലാത്ത ഒരു പെൺകുട്ടിയെ കണ്ടെത്തുന്നത് തന്നെ പ്രയാസം .നഴ്സറികളിൽ നിന്ന് തന്നെ booked ആകുന്ന പെൺകുട്ടികൾ ആണ് കൂടുതലും .ഞാൻ എന്നേക്കാൾ കുറഞ്ഞവനെന്നു കരുതുന്നവനൊക്കെ കട്ട ലൈൻ അതും ഒന്നല്ല രണ്ടെണ്ണമൊക്കെ .മടുത്തു .ദൈവത്തോട് പല തവണ ചോദിച്ചു എന്തിനീ ക്രൂരത ..!!
അങ്ങനെ പ്രണയത്തിന്റെ മാന ദന്ധം അറിയാനായി ചെന്ന് എത്തിയത് എന്റെ ക്ലാസ്സിലെ തന്നെ കാമ ദേവനും സർവോപരി എല്ലാ തരികിടകളും ഉള്ള രഞ്ജിത്ത് ന്റെ അടുത്ത് ആണ് .അവന്റെ അടുത്ത് പോകാൻ ഉള്ള കാരണം മറ്റൊന്നുമല്ല ,അവൻ ഒരു പെൺകുട്ടിയെ പ്രേമിച്ചു അത് സ്കൂൾ മുഴുവൻ പാട്ടായി .ആ പാട്ടു അവളുടെ വീട്ടിലും കേട്ടു .അങ്ങനെ അവളെ അവർ സ്കൂൾ മാറ്റി .അടുത്ത ദിവസം തന്നെ അവളുടെ കൂടെ നടന്ന അവളുടെ ആത്മാർത്ഥ സുഹൃത്ത് ആയ പെൺകുട്ടിയെ അവൻ പ്രൊപ്പോസ് ചെയ്തു .അതെങ്ങനെ സെറ്റ് ആകും എന്ന് ഞാൻ ഉൾപ്പെടെ ഉള്ള ആളുകളുടെ സംശയത്തിന്റെ ഇടയിലൂടെ അവർ രണ്ടു പേരും പ്രണയ ബദ്ധരായി ഡ്യുയറ്റ് പാടി നടന്നു .അത് കണ്ടതോടെ ഞാൻ ഉറപ്പിച്ചു ഇവൻ തന്നെ എന്റെ ഗുരു
.ആവശ്യം അറിഞ്ഞപ്പോൾ അവൻ എന്നോട് ഒരു ചോദ്യം .നിനക്ക് ആരെയാണ് പ്രണയിക്കണ്ടത് ?..ആ ചോദ്യത്തിന് മുന്നിൽ ഞാൻ പകച്ചു ..നിലവിൽ സ്റ്റോക്ക് ഒന്നും ഇല്ലാരുന്നു ..ഞാൻ തല പുകഞ്ഞു ആലോചിച്ചു . അവൻ വീണ്ടും ചോദിച്ചു എന്തിനാണ് നീ പ്രേമിയ്ക്കുന്നതു.? എനിയ്ക്കു വരം തരാൻ നിൽക്കുന്ന ഒരു സന്യാസി വര്യനെ പോലെ അവൻ കാണപ്പെട്ടു . ഞാൻ നാണത്തോടെ പറഞ്ഞു "അത് പിന്നെ ..എല്ലാരും പ്രേമിയ്ക്കുന്നുണ്ടല്ലോ ? പിന്നെ ഇത് വരെ എനിയ്ക്കു ഒരു ലൈൻ പോലും ഇല്ല .ലൈൻ ഇല്ലാത്തതു ഒക്കെ ഒരു കുറവല്ലേ അത് ഒന്ന് നികത്താൻ വേണ്ടി ."
".ഓഹോ ആദ്യം മനസ്സിൽ ഒരാളോട് അടങ്ങാത്ത പ്രണയം വേണം .അറ്റ്ലീസ്റ്റ് പ്രേമിയ്ക്കാൻ ഉള്ള ആളെ എങ്കിലും കണ്ടെത്തണം .അല്ലാതെ എങ്ങനാ പ്രണയിക്കുക "അവൻ പറഞ്ഞു .ഉടൻ തന്നെ അങ്ങനെ ഒരാളെ കണ്ടെത്തി അറിയിക്കാം എന്ന് പറഞ്ഞു ഞാൻ എന്റെ യാത്ര തുടർന്നു .
പ്രണയിനി -2
അടുത്ത ദിവസം ക്ലാസ്സിലെ ഒരു പെൺകുട്ടി എന്നോട് ചോദിച്ചു ആനി യെ നിനക്ക് ഇഷ്ടമാണ് എന്ന് ആരോടെങ്കിലും പറഞ്ഞിരുന്നോ ?ഞാൻ പറഞ്ഞു ഇല്ല .? അതെന്താ അങ്ങനെ ചോദിച്ചത് ?
അല്ല അവളെ ശല്യം ചെയ്യുന്ന ഹ്യുമാനിറ്റീസ് കാരൻ പയ്യൻ ഇപ്പോൾ ആ വഴിയ്ക്കു വരുന്നില്ല ,കാരണം ചോദിച്ചപ്പോൾ നീ അവനോടു പറഞ്ഞു പോലും നീയും ആനിയും തമ്മിൽ പ്രണയത്തിൽ ആണെന്ന് .
അപ്പോഴാണ് ഞാൻ അത് ഓർത്തത് .ഒരു ദിവസം സ്കൂൾ കഴിഞ്ഞു അവൻ ആനിയെ കമന്റ് അടിച്ചു ശല്യ പെടുത്തുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു .ഹ്യുമാനിറ്റീസ് കാരും ഞങ്ങൾ സയൻസ് കാരും തമ്മിൽ അത്ര രസത്തിൽ അല്ലാരുന്നു .ഞങ്ങളുടെ ക്ലാസ്സിലെ ഒരു പെൺകുട്ടിനെ ശല്യ പെടുത്തിയപ്പോൾ കയറി ഇട പെട്ടതാണ് പക്ഷെ അവൻ തിരിച്ചൊരു ചോദ്യം അവൾ നിന്റെ കാമുകി ഒന്നും അല്ലല്ലോ .നിനക്ക് വേദനിയ്ക്കാൻ ? .അവിടെ എനിയ്ക്കു ഉത്തരം മുട്ടി .പക്ഷെ പറഞ്ഞു ജയിക്കാൻ വേണ്ടി ഞാൻ അങ്ങ് കാച്ചി-" ഞങ്ങൾ രണ്ടാളും പ്രണയത്തിൽ ആണ് അവൾ കുറെ നാളായി നീ ശല്യപ്പെടുത്തുന്ന കാര്യം എന്നോട് പറയുന്നു .വെറുതെ ആണുങ്ങൾക്ക് മാനക്കേട് ഉണ്ടാക്കാതെ ഒഴിഞ്ഞു പൊയ്ക്കൂടേ ?"അതങ്ങു ഏറ്റു അവൻ പിന്നീട് ശല്യപ്പെടുത്തിയിട്ടില്ല .
ഈ ഫ്ലാഷ് ബാക് ഞാൻ അവളോട് വിശദീകരിച്ചു പറഞ്ഞു .എന്നിട്ടു പറഞ്ഞു അങ്ങനെ പറഞ്ഞത് മോശം ആയെങ്കിൽ ഞാൻ തിരുത്തി പറഞ്ഞേയ്ക്കാം .
അപ്പോൾ അവൾ പറഞ്ഞു .ഇനി മാറ്റി പറയണ്ട അങ്ങനെ തന്നെ ഇരുന്നോട്ടെ ഇപ്പോൾ അതുകൊണ്ടു അവളെ ആരും ശല്യ പെടുത്തുന്നില്ല .."
ആണോ എന്നാൽ ശരി അങ്ങനെ ആകട്ടെ എന്ന് ഞാനും പറഞ്ഞു .ഇതെല്ലം കേട്ട് കൊണ്ട് ഒരാൾ അവിടെ ഇരിപ്പുണ്ടാരുന്നു ..മറ്റാരുമല്ല എന്റെ പുതിയ ഗുരു ...
അവൾ പോയ്കഴിഞ്ഞപ്പോൾ ഗുരു ചാടി വീണു .ഇത് അത് തന്നെ !!
ഞാൻ ചോദിച്ചു എന്ത് ?
എടാ പൊട്ടാ! ആനിയ്ക്ക് നിന്നോട് കടുത്ത പ്രണയം:- ആണെന്ന് .ഗുരു തറപ്പിച്ചു പറഞ്ഞു
ഹേയ് ആര് പറഞ്ഞു ? എനിയ്ക്കു വീണ്ടും സംശയം
നീ മാറ്റി പറയാം എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞത് നീ ശ്രദ്ധിച്ചോ ?
"ഇനി മാറ്റി പറയണ്ട അങ്ങനെ തന്നെ ഇരുന്നോട്ടെ ഇപ്പോൾ അതുകൊണ്ടു അവളെ ആരും ശല്യ പെടുത്തുന്നില്ല .."
എന്ന് പറഞ്ഞാൽ indirect ആയിട്ടു അവൾ ഇഷ്ടമാണെന്നു പറഞ്ഞു വിട്ടതാ .
ആണോ ? എനിയ്ക്കു ഒടുക്കത്തെ കണ്ഫയൂഷൻ .
അതെ അതെ എന്റെ ഇത്രയും നാളത്തെ എക്സ്പീരിയൻസ് വച്ച് പറയുവാ ഇത് അത് തന്നെ .
ഒരു നിമിഷം ഞാനും അത് വിശ്വസിച്ചു അടുത്ത ദിവസം അവളെ നേരിട്ട് കണ്ടു ചോദിയ്ക്കുന്നത് വരെ .
പ്രൊപോസൽ -3
അടുത്ത ദിവസം രാവിലെ അവളും മറ്റു രണ്ടു കൂട്ട് കാരികളും വരാന്തയിലൂടെ നടന്നു വരവേ ഞാൻ അവളെ വിളിച്ചു -;"ആനി ഒരു മിനിറ്റ് ".അവൾ മറ്റു രണ്ടു പേരുടെയും മുഖത്ത് നോക്കി യിട്ട് എന്റെ അടുത്ത് വന്നു .അധികം ആരോടും മിണ്ടാത്ത അവളോട് സത്യത്തിൽ അന്നാണ് ഞാൻ ശരിയ്ക്കും മിണ്ടിയത് .എനിയ്ക്കു നല്ല ടെൻഷൻ ഉണ്ടാരുന്നു .പക്ഷെ ഗുരു പറഞ്ഞത് വെച്ച് നല്ല കോൺഫിഡന്റ് തോന്നി ..എന്റെ മുഖത്തേക്ക് നോക്കി നിന്ന അവളോട് ചേർന്നുള്ള തൂണിൽ നോക്കി ഞാൻ ചോദിച്ചു -".അപ്പോൾ ആനിയ്ക്ക് എന്നോട് ഇഷ്ടമായിരുന്നു അല്ലെ ?
അവൾ ഒന്നും മനസ്സിലാകാത്തത് പോലെ നിന്നു .
"അല്ല !ഇന്നലെ ജാൻസി എന്നോട് വന്നു പറഞ്ഞിരുന്നു .അവൾ ചെറുതായി ഒന്ന് ചിരിച്ചോ എന്ന് ഒരു സംശയം -".എനിയ്ക്കു അങ്ങനെ ഒന്നും ഇല്ല .." എന്ന് പറഞ്ഞിട്ട് അവൾ പോയി .
പോകുന്ന വഴിയ്ക്കു കൂട്ടുകാരികളോട് അവൾ എന്നെ കുറിച്ച് എന്തോ പറഞ്ഞു എന്ന് തോനുന്നു കാരണം രണ്ടാളും ഒരുമിച്ചു എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു .
ഞാൻ ഗുരുവിനോട് കാര്യങ്ങൾ വിശദീകരിച്ചു .അപ്പോഴും ഗുരുവിന്റെ നിഗമനത്തിൽ മാറ്റമില്ല ,നീ പരസ്യമായി അവളെ വിളിച്ചു ചോദിച്ചത് കൊണ്ടുള്ള ചമ്മൽ കൊണ്ടാണ് പോലും അവൾ അങ്ങനെ പറഞ്ഞത് ."ചില പെൺകുട്ടികൾ ഇഷ്ടം ആണെങ്കിലും അത് പറയില്ല അത് അവരെ കൊണ്ട് പറയിപ്പിയ്ക്കണം ."
പക്ഷെ എങ്ങനെ ? ഞാൻ ദയനീയമായി ചോദിച്ചു ?
"വഴിയുണ്ട് !! ഇത് ഒരു പ്രത്യെക മുറയാണ്, നമുക്ക് ഇഷ്ടമുള്ള ആളെ കുറെ നേരം കണ്ണ് എടുക്കാതെ നോക്കി ഇരിയ്കുക .എന്നിട്ടു മനസ്സ് കൊണ്ട് അവരെ വിളിയ്കുക.അവർ വിളി കേട്ട് തിരിഞ്ഞു നോക്കിയാൽ അവർക്കു നമ്മളോട് പ്രണയം ഉണ്ടെന്നു ഉറപ്പിയ്ക്കാം .ഇനി അവർ നമ്മളെ നോക്കി എന്നിരിയ്ക്കുക അപ്പോഴും നമ്മൾ കണ്ണെടുക്കാൻ പാടില്ല. നമ്മൾ അവരെ നോക്കികൊണ്ട് തന്നെ ഇരിയ്ക്കണം അവസാനം അവർ നാണിച്ചു കണ്ണെടുക്കണം . ആദ്യം നീ ഈ സ്റ്റെപ്പിൽ വിജയിക്കണം .എങ്കിൽ പിന്നീടുള്ള കാര്യങ്ങൾ ഞാൻ ഏറ്റു .ഗുരുവിനെ വീണ്ടും ഞാൻ വിശ്വസിച്ചു കളത്തിൽ ഇറങ്ങി അതൊരു തീക്കളി ആയിരിക്കും എന്ന് അറിയാതെ ..
നോട്ടം കൊണ്ടുണ്ടായ കോട്ടം -4
അന്ന് മുതൽ ആനി പോകുന്ന ബസിന്റെ പിന്നിൽ നിന്നും മനസ്സ് കൊണ്ട് ആനി ആനി എന്ന് ആയിരം തവണ കണ്ണെടുക്കാതെ നോക്കി കൊണ്ടുള്ള വിളികൾ ഉയർന്നു. ആദ്യമാദ്യം സൗമ്യമായി തുടങ്ങിയെങ്കിലും പിന്നീട് അത് അലറി വിളികൾ ആയി മാറി .മനസ്സിനുള്ളിൽ ആയതു കൊണ്ട് പുറത്തു ആരും കേട്ടില്ലെന്നു മാത്രം .ഇടയ്ക്കു എപ്പോഴൊക്കെയോ തിരിഞ്ഞു നോക്കിയെങ്കിലും .എന്റെ വിളി കേട്ടിട്ട് ആണോ എന്ന് ഉറപ്പിയ്ക്കാറായിട്ടില്ലാരുന്നു .ഗുരു പ്രോത്സാഹിപ്പിച്ചു കൊണ്ടേ ഇരുന്നു ..നീ നോക്കിക്കോ ഇത് ഭയങ്കര പവർ ഉള്ള ടെക്നിക് ആണ് .ഇത് നടക്കും ..."
അങ്ങനെ ഒരു ദിവസം ആനി എന്റെ വിളി കേട്ടു .ആനി മാത്രം അല്ല അവളുടെ രണ്ടു കൂട്ടുകാരികളും കേട്ടു .
അന്നൊരു ഫിസിക്സ് ക്ലാസ് ആയിരുന്നു .എല്ലാരും ടീച്ചറെ നോക്കി ഇരുന്നപ്പോൾ ഞാൻ ആനി മന്ത്രവും ഉരുവിട്ട് കൊണ്ട് ആനിയെ നോക്കി ഇരുന്നു .പെട്ടന്നാണ് ആനി തിരിഞ്ഞു നോക്കിയതു .ആനി നോക്കിയപ്പോൾ ഞാൻ അതാ ആനിയെ തന്നെ നോക്കി ഇരിയ്ക്കുന്നു .ഗുരു പറഞ്ഞത് കൊണ്ട് ആനി എന്നെ തുറിച്ചു നോക്കിയിട്ടും ഞാൻ കണ്ണെടുത്തില്ല .പുഞ്ചിരിച്ചു കൊണ്ട് നോട്ടം തുടർന്നു .അപ്പോൾ അതാ ആനിയുടെ തൊട്ടടുത്തിരിയ്ക്കുന്ന കുട്ടിയും എന്നെ തുറിച്ചു നോക്കുന്നതു ."ഈശ്വരാ! മന്ത്രം മാറി ആ ബഞ്ചിലുള്ള എല്ലാരും ഇനി എന്നോട് ഇഷ്ടമാണെന്നു പറയുമോ ?"എന്നൊക്കെ ആയി എന്റെ പേടി .അതാ വീണ്ടും അതിന്റെയും തൊട്ടടുത്ത് ഇരിയ്ക്കുന്ന കുട്ടിയും തിരിഞ്ഞു നോക്കുന്നു .പക്ഷെ ഞാൻ വിട്ടു കൊടുത്തില്ല ഞാൻ ആനിയെ തന്നെ കണ്ണെടുക്കാതെ നോക്കി ഗുരുവിന്റെ വാക്ക് അക്ഷരം പ്രതി അനുസരിച്ചു .അപ്പോൾ അതിൽ ഒരു കുട്ടി വാള് വെയ്ക്കാൻ തുടങ്ങി .മറ്റൊരു കുട്ടി എഴുനേറ്റു ടീച്ചറിൻറെ കയ്യിൽ ഒരു കടലാസ് പൊതി കൊടുത്തു .ടീച്ചർ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ അങ്ങോട്ട് നോക്കി ചിരിച്ചു കൊണ്ടിരിയ്ക്കുന്നു .ടീച്ചർ എന്നോട് പറഞ്ഞു ഇത് ഇനി അവർത്തിയ്ക്കരുത് എന്ന് . ഒരു പെൺകുട്ടിയെ നോക്കി ഇരുന്നു അവളുടെ പേര് ഉരുവിട്ടു എന്നൊരു തെറ്റല്ലേ ഞാൻ ചെയ്തുള്ളു ?.ഞാൻ അത് വലിയ കാര്യമാക്കിയില്ല .ഇല്ല എന്ന മട്ടിൽ വെറുതെ തലയാട്ടി .ഗുരുവിന്റെ ശക്തിയിൽ എനിയ്ക്കു അല്പം വിശ്വാസം കൂടി .
മറ്റൊരു കേസിൽ പെട്ട് ഓഫീസിൽ parents നെ വിളിപ്പിച്ചപ്പോൾ ആണ് അന്നത്തെ ആ തിരിഞ്ഞു നോട്ടത്തിന്റെ യഥാർത്ഥ കാരണം ഞാൻ അറിഞ്ഞത് . ബോയ്സ് ന്റെ കൂട്ടത്തിൽ ആരോ ഒരാൾ ശംഭു (പാൻ മസാല ) ചവച്ചിട്ടു അത് ഒരു പേപ്പറിൽ തുപ്പിയിട്ടു girls ന്റെ സൈഡിലേക്ക് എറിഞ്ഞു .അത് ചെന്ന് വീണതാകട്ടെ ആനിയുടെ മുൻപിലും .ആനി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ചിരിച്ചു കൊണ്ട് അവളെ തന്നെ നോക്കിയിരിയ്ക്കുന്ന എന്നെയും .അവരുടെ കണ്ണിൽ ഞാൻ ആണ് അത് ചെയ്തത് അത് കൊണ്ടാണ് ഫിസിക്സ് ടീച്ചർ എന്നോട് ഇത് അവർത്തിയ്ക്കരുത് എന്ന് പറഞ്ഞത്.ഞാൻ അവർത്തിയ്ക്കില്ല എന്ന മട്ടിൽ തല ആട്ടിയതു അവർ കുറ്റസമ്മ്മതമായി കണക്കാക്കി .ടീച്ചേർസ് റൂമിൽ വന്ന എന്റെ അമ്മയോട് ടീച്ചർ ഇത് വിശദീകരിച്ചപ്പോൾ ആണ് ഞാൻ ആ ട്വിസ്റ്റ് മനസ്സിലാക്കിയത് ..
ഇതിന്റെ യഥാർത്ഥ ട്വിസ്റ്റ് അതൊന്നുമല്ല ഗുരു ആണ് ആ പേപ്പർ ചുരുട്ടി എറിഞ്ഞത് എന്നുള്ളതാണ് ..
(ഈ കഥയും കഥാ പത്രങ്ങളും സാങ്കല്പികം മാത്രമാണ് )
അജീം പത്തനാപുരം


Comments
Post a Comment