കഹോ നാ പ്യാർ ഹേ!

എന്റെ  ഒരു അഭിപ്രായത്തിൽ മൂന്നു തരം പാട്ടുകാർ ആണുള്ളത് .
        1. നല്ല പാട്ടുകാർ ( അവർ എവിടെയും എപ്പോൾ വേണമെങ്കിലും നമ്മൾ ആവശ്യ പെടുന്ന പാട്ടുകൾ പാടും. വരികൾ അറിയാത്ത ഭാഗത്ത് കേൾക്കാൻ ഇമ്പമുള്ള  ഇരമ്പലുകളും മൂളലുകളും തിരുകി കയറ്റും എന്നു മാത്രം )
    2. ഇടത്തരം പാട്ടുകാർ  - അവർഎല്ലാ തരം  പാട്ടുകളും പാടാറില്ല അവർ സെലക്ട് ചെയ്തു വച്ചിട്ടുള്ള ചില പാട്ടുകൾ ഉണ്ട്, അത് ഏത് അവസരത്തിലും (ഇല്ലെങ്കിൽ അതുണ്ടാക്കിയും  )പാടും . അവരുടെ ലിസ്റ്റ് വിട്ട് ഒരു പാട്ട് നമ്മൾ ആവശ്യപ്പെട്ടാൽ അവർക്ക് സന്തോഷമേ ഉള്ളൂ  അവർ പാടും  , പക്ഷേ  നമ്മൾ പാടു പെടും കാരണം അതിൽ സ്വർണ്ണം ,വെള്ളി ,പിച്ചള അങ്ങനെ എല്ലാത്തരം ലോഹങ്ങളും കാണും .
3 .ദുരന്തം പാട്ടുകാർ - ഈ വിഭാഗത്തിൽ പെട്ടവരോട് അധികം കളിയ്ക്കാൻ നിയ്ക്കണ്ട  കാരണം ഇവരുടെ ചെവിയിൽ ഒരു പ്രത്യേക തരം സോഫ്റ്റവിയർ ഉണ്ട്  ,ഇവർ പാടുന്ന പാട്ട് അത് അപ്പോൾ തന്നെ എഡിറ്റ് ചെയ്ത് പിച്ച് കറക്ഷൻ ഒക്കെ നടത്തി സംഗതി ഒക്കെ കറക്ട് ആയി ചേർത്ത് മിക്സ് ചെയ്ത വേർഷൻ ആണ് ഇവരെ സ്വയം കേൾപ്പിക്കുന്നത് അത് കൊണ്ട് അവർ കരുതും അവരുടെ പാട്ട് ഒറിജിനലിനെ വെല്ലുന്നതാണെന്ന് ,അതു കൊണ്ട് തന്നെ അവർ കിട്ടുന്ന അവസരങ്ങൾ ഒന്നും തന്നെ പാഴാക്കാതെ പാടി കൊണ്ടേ ഇരിയും .നമ്മൾ വേണം ഒന്നു കരുതി ഇരിയ്ക്കാൻ ഇല്ലെങ്കിൽ വെള്ളിയും പിച്ചളയും തളച്ചു കയറി ഇഞ്ചിഞ്ചായി മരിയ്ക്കാം .
                   കുറച്ചു വർഷങ്ങൾക്ക് മുൻപ്    ഇടത്തറ മുഹമ്മദൻസ് സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നു .അടുത്ത മത്സര ഐറ്റം എല്ലാരും ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ഗാനമേളയാണ് .പ്ലസ് വൺ സയൻസിന്റെ ആസ്ഥാന ഗായകർ ഞാൻ, ഉണ്ണി പിന്നെ ഷാനു എന്നിവരാണ് .
ഞാൻ പാടാൻ ഉദ്ദേശിച്ച പാട്ട് "പൂവേ ഒരു മണി മുത്തം " എന്ന കൈയെത്തും ദൂരത്ത് എന്ന സിനിമയിലെ പാട്ട് ആയിരുന്നു .ഒരാഴ്ചയായി ഊണിലും ഉറക്കത്തിലും ,കുളിക്കുമ്പോഴും എല്ലാം ഈ പാട്ടു തന്നെ പാടി പ്രക്ടീസ് ചെയ്തെങ്കിലും മതിയാവാതെ ക്ലാസ് റൂമിൽ ഒറ്റയ്ക്കിരുന്ന് പാടി നോക്കുകയായിരുന്നു ഞാൻ .ഒന്നാമത്തെ കാര്യം ഇതു വരെ ഒറ്റയ്ക്ക് സ്റ്റേജിൽ കയറിയിട്ടില്ല രണ്ടാമത്തെ കാര്യം ഞാൻ രണ്ടിനും മൂന്നിനും ഇടയിൽ നിൽക്കുന്ന ഒരു പാട്ടുകാരൻ ആണ് എന്തും സംഭവിയ്ക്കാം !.. പിന്നെ എന്തിനീ സാഹസം എന്നു വെച്ചാൽ പാട്ടുകേൾക്കാൻ ആനിമോളും കാണും അവളെ നോക്കി വേണം ഓരോരോ വാക്കിലും " നീയാണെൻ സംഗീതം എന്ന് പാടാൻ " അവളെ ഇംപ്രസു ചെയ്യിക്കാൻ ഇതാണ് ബെസ്റ്റ് ഐഡിയ എന്നു എന്റെ ലൗ ഗുരുവായ രജത്ത് ആണ് പറഞ്ഞത് .അവനിപ്പോൾ എവിടെയാണോ എന്തോ ? ഈശ്വരാ ഭഗവാനെ അവനെ കത്തോളണേ ..
           ഗാന മേള തുടങ്ങാൻ അര മണിക്കൂർ ബാക്കി നിൽക്കേ ക്ലാസ് റൂമിലേക്ക് എന്റെ ആത്മാർത്ഥ സുഹൃത്തായ അമൽ മോഹൻ കയറി വന്നു .. നീ! ഇവിടെ നിൽക്കുവാന്നോ . നിന്നെ അന്വേഷിച്ച് ഞാൻ എവിടൊക്കെ പോയി ..
എന്താ കാര്യം ?ഞാൻ ചോദിച്ചു .
ഒന്നുമില്ല .. ഗാനമേളയ്ക്ക് നീ ഏതാ പാട്ട് പാടുന്നേ എന്ന് ഒന്നറിയാനാ ..?
 
അത് .പൂവേ ഒരു മണി മുത്തം എന്തേ?
അയ്യേ മലയാളം പാട്ടാണോ .പാടുന്നേ .? എന്ന് അവൻ പുച്ഛ ഭാഗവത്തിൽ എന്നോട് ചോദിച്ചു .
അതേ .. എന്താ നല്ല പാട്ടല്ലെ ..? ഞാൻ സംശയത്തോടെ അവനോട് ചോദിച്ചു .
"എടാ പൊട്ടാ മലയാളം എല്ലാരും പാടും അതിനൊരു വെയ്റ്റ് ഇല്ല .നിന്നെ ആൾക്കാര് ശ്രദ്ധിയ്ക്കണവെങ്കിൽ വെറൈറ്റി ആയിട്ട് ,ഒരു ഹിന്ദി പാട്ട് എങ്കിലും പാടണം .മാത്രമല്ല നിന്റെ ശബ്ദത്തിനു പറ്റിയത് ഹിന്ദി പാട്ട് ആണ് .നീ ഇടയ്ക്ക് ഇടയ്ക്ക് പാടാറുള്ള ഒരു പാട്ടില്ലെ ..?
ഏത് '? ക ഹോനാ പ്യാർ ഹേ യോ ? ഞാൻ ചോദിച്ചു.
ഹാ! അതു തന്നെ ! ഞാൻ വിചാരിച്ചത് നീ ഈ പാട്ടാണ് പാടുന്നതെന്നാ .. അവന്റെ ഒരു പൂവേ ഒരു മണി മുത്തം എവിടുന്ന് കിട്ടീടാ ആ പൊട്ട പാട്ട് .. നീ ആ കഹാനാ പ്യാർ ഹേ അവളെ നോക്കി ഒന്നു പാടി നോക്ക് നാളെ അവള് ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്ന് പറയും ..
(അത് കേട്ടപ്പോൾ എന്റെ  മനസ്സ് ഒന്ന് ചാഞ്ചാടി  ) സത്യമാണോടേയ് !
അളിയാ എന്നെ നിനക്ക് വിശ്വസമില്ലേ ..! നിനക്ക് ഹിന്ദി പാട്ടേ പറ്റൂ .നിന്റെ രൂപത്തിനും ആ ശബ്ദത്തിനും ... ദാ ഈ കൂളിംഗ് ഗ്ലാസും കൂടി വെച്ചോ  എന്നും പറഞ്ഞ് കഴിഞ്ഞ പട്ടാഴി അമ്പലത്തിലെ ഉത്സവത്തിനു വാങ്ങിയ ഒരു കൂളിംഗ് ഗ്ലാസും അവനെനിയ്ക്ക് വച്ച് തന്നു .അത്  വച്ചപ്പോൾ അന്ന് ഉണ്ടായ തലവേദന ഇന്നും മാറിയിട്ടില്ല .അവിടെ അതാ പ്ലസ് വൺ സയൻസിന്റെ ഗാനമേള തുടങ്ങാനുള്ള അനൗൺസ് മെന്റ് വന്നു .അമൽ എന്റെ കൈ പിടിച്ച് സ്റ്റേജിന്റെ ബാക്കിലേക്ക് കൊണ്ടാക്കി .അളിയാ കലക്കണം എന്നും പറഞ്ഞ് തോളത്ത് രണ്ട് തട്ടും .. എന്റെ മനസ്സിൽ പൂവേ ഒരു ക ഹോനാ പ്യാർ ഹേ എന്ന പാട്ട് അലയടിച്ചു .ശ്ശേ ! ആകെ കൺഫ്യൂഷനായല്ലോ .. രണ്ടാഴ്ച്ച പ്രാക്ടീസ് ചെയ്ത പാട്ട് ഒരു ഭാഗത്ത് ആത്മാർത്ഥ സുഹൃത്ത് പറഞ്ഞതിൽ കഴമ്പുണ്ട് എന്ന ചിന്ത മറ്റൊരു ഭാഗത്ത് .. ഗുരുജീ ... ആനി മോളെ വളയ്ക്കാൻ പറ്റിയ പാട്ട് ഏതാണ് ..? എന്ന് സ്വയം ചോദിച്ചു .. അവളെ നോക്കി നീ "കഹോനാ പ്യാർ ഹേ "എന്നു പറയുന്നതല്ലെ കൂടുതൽ പഞ്ച് !
അത് ശരിയാ !വരുന്നത് വരട്ടെ എന്ന് കരുതി കഹോനാ പ്യാർ ഹേയിൽ ഉറപ്പിച്ചു. .
ഉണ്ണിയുടെയും ഷാനു ന്റേയും പാട്ട് കഴിഞ്ഞു
ഉണ്ണി ആരോ വിരൽ മീട്ടി എന്ന ഗാനം തരക്കേടില്ലാതെ പാടിയപ്പോൾ .ഷാനു നീല നിലാവേ കേഴുകയാണോ എന്ന ഗാനം മുദ്രാവാക്യം പോലെ പറഞ്ഞു തീർത്തു .ആളുകൾ അത് ഏറ്റ് പറഞ്ഞു.
അടുത്തതായി ഞാൻ സ്റ്റേജിൽ കയറി .എന്നെ കണ്ടതും കാണികൾ ഇളകി മറഞ്ഞു അവർക്ക് എന്നിൽ വലിയ പ്രതീക്ഷ ഉള്ളത് പോലെ തോന്നി .. പക്ഷേ ആ കൂളിംഗ് ഗ്ലാസ് വെച്ച് കൊണ്ട് എന്നെ കണ്ടപ്പോൾ ചിരി നിർത്താനാവാതെ ഉണ്ടായ ബഹളമായിരുന്നു അത് എന്ന് പിന്നീട് മനസ്സിലായി . അതോടെ എന്റെ ചങ്കിടിപ്പ് കൂടി .. ബാക്കി ഉള്ളവർക്ക് കരോക്കെ ഉണ്ടായിരുന്നു .പക്ഷേ അവസാന നിമിഷം പാട്ട് മാറ്റിയതിനാൽ എനിയ്ക്ക് ആ ആനുകൂല്യവും കിട്ടിയില്ല .കണ്ണടയുടെ വിടവിലൂടെ ആൾക്കൂട്ടത്തിൽ ആനിമോളെ തിരഞ്ഞു .ആ ഹ ഹ !ഒരു സൈഡിൽ നിൽപുണ്ട് ആള് ..അതാ ബായ്ക്കിൽ ചങ്ക് ബ്രോ അമലും കൂട്ടരും .കയ്യടിയ്ക്കാനായി മുട്ടി നിൽക്കുന്നു .
      ഞാൻ മൈക്കിൽ രണ്ടു കൊട്ട് കൊട്ടി .തൊണ്ടയൊക്കെ ഒന്നു ശരിയാക്കി പാടാൻ തുടങ്ങി ..
"ദിൽ മേരാ .... ഹർബാരുയേ....
......ക ഹോനാ പ്യാർ ഹേ .....
അങ്ങനെ ആദ്യത്തെ നാലുവരി പാടി ഒപ്പിച്ചു
എല്ലാവരും കയ്യടിച്ചു .പക്ഷേ അതിനു ശേഷം വന്ന ഉരുൾ പൊട്ടലിൽ ആ കയ്യടി കൂവലായി പരിണമിച്ചു ..
ദുനിയാ മെ  ....."ദിൽ കോയി  '' എന്ന വരിയിലെ ദിൽ കോയി  എന്നെ ചതിച്ചു കോയിയ്ക്ക് പകരം ഒരു ലോഡ് വെള്ളിയും ,പിച്ചളയും ആണ് വന്നത് .. കണ്ണട മാറ്റി നോക്കുമ്പോൾ ആ ചതിയൻ അമൽ മോഹൻ തന്നെ ആണ് കൂവലിനുo നേതൃത്വം കൊടുക്കുന്നത് .പാടി മുഴുമിയ്ക്കാനാകാതെ ഒരു പിടി പച്ച മണ്ണ്  ആരോ വാരിയെറിഞ്ഞപ്പോൾ  "സബരോം കി സിന്ത്കി കബി കബി " എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി ഓടി ..
പിറ്റേന്ന് മുതൽ കുറച്ച് കാലത്തേക്ക്  സ്ക്കുളിൽ എന്റെ പേര്  " കഹാനാ പ്യാർ ഹേ " എന്നായിരുന്നു.
അമൽ മോഹൻ പറഞ്ഞു  ഞാൻ പറഞ്ഞില്ലേ ഹിന്ദി പാട്ട് പാടിയാൽ ആൾക്കാർ നിന്നെ ശ്രദ്ധിയ്ക്കും എന്ന് .. ചെറിയ തെറ്റൊക്കെ ആർക്കും പറ്റും .പക്ഷേ ചെറിയ ചില പിഴവുകൾ മാറ്റി നിർത്തിയാൽ പാട്ട്  കാടുക്കാച്ചി ആയിരുന്ന ളിയാ . ആനിമോളുടെ ഒക്കെ മുഖത്തെ സന്തോഷം കാണണമായിരുന്നു ..
പോടാ ചുമ്മ എന്നെ സുഖിപ്പിക്കാൻ പറയു വല്ലെ ?
അല്ലെടാ  സത്യം .ഞാൻ നിന്നോട് കള്ളം പറയുമോ ? അവൾക്ക് നിന്നോട് എന്തോ ഉണ്ട് ..
ഞാൻ അത് കേട്ട് ഞാൻ ദൃധങ്ക പുളകിതനായി വീണ്ടും പുതിയ പുതിയ മണ്ടത്തരങ്ങൾ ആവർത്തിച്ചു കൊണ്ടേ ഇരുന്നു. 
                           അജീംഷാ പത്തനാപുരം     

Comments