സൂപ്പർ സ്റ്റാർ താമര ഇൻ ആന്റ് ആസ്


 മുനീർ അവനെ കുറിച്ച് എഴുതാനിരിയ്ക്കാൻ ആവില്ല .സത്യത്തിൽ ഒരു ബുക്ക് ഇറക്കാൻ ഉള്ള വകയുണ്ട് .പക്ഷെ എഴുതാൻ ഉള്ള മടി കൊണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്ന് രണ്ടു ഭാഗങ്ങളായി എഴുതി തീർക്കാം
 മുനീർ കഥകൾ  ഭാഗം -1 .
മുനീർ  എന്റെ ജൂനിയർ ആയിരുന്നു നമുക്കെല്ലാം ഒരു അനിയനെ പോലെ പെരുത്ത് ഇഷ്ടം . കോഴ്സ് ഒക്കെ കഴിഞ്ഞു മംഗലാപുരത്തു വർക് ചെയ്യുന്ന സമയം .അതി രാവിലെ കതകിൽ ആരോ കൊട്ടുന്ന ശബ്ദം കേട്ട് എഴുന്നേറ്റു നോക്കുമ്പോൾ മുനീർ ആണ് .ആദ്യം ഒരു സാന്തോഷം തോന്നിയെങ്കിലും അവന്റെ മുഖ ഭാവം കണ്ടപ്പോൾ കാര്യം അത്ര പന്തി അല്ല എന്ന് തോന്നി ..

വിചാരിച്ചതു ശരിയായിരുന്നു ആള് സസ്‌പെൻഷൻ കിട്ടിയിട്ടു വരികയാണ് .വീട്ടിൽ നിന്നും ആരെയെങ്കിലും വിളിച്ചോണ്ട് വന്നാലേ കോളേജിൽ കയറ്റുള്ളു . അവനു പ്രിൻസിപ്പൽ നെ കാണിയ്ക്കാൻ ഒരു ചേട്ടനെ  വേണം .
ഞാൻ കാര്യം തിരക്കി എന്താണ് സസ്പെന്ഷന് കിട്ടാനുള്ള കാരണം ...?
തല്ലു കേസ് ആണ് എന്ന് അവൻ പറഞ്ഞു ...ശരിയാണ് ആൺപിള്ളേരാകുമ്പോൾ ചെറിയ ചില അടി പിടികൾ  ഒക്കെ ഉണ്ടാവുക സ്വാഭാവികം .. ആട്ടെ  നീ ആരെയാ തല്ലിയത് ..?
 റൂം മേറ്റ് നെയാണ് തല്ലിയത് 
എന്താണാവോ കാരണം ..?
ഹേയ് ഒന്നുമില്ല അവനെ കുറെ ആളുകൾ എന്തിനോ റൂമിൽ അവനെ വന്നു തല്ലി ..അവരെല്ലാം പോയി കഴിഞ്ഞപ്പോൾ ഇത്രയും ആൾക്കാരുടെ കയ്യിൽ നിന്നും തല്ലു വാങ്ങാൻ നാണമില്ലെടാ എന്നും പറഞ്ഞു ഞാൻ ഒന്ന് അവനെ തല്ലി .അത് അവനു ദേഷ്യമായി ..ബാക്കി ആരുടെ പേരിലും കൊടുക്കാതെ അവൻ എന്റെ പേരിൽ മാത്രം കംപ്ലൈന്റ്റ് കൊടുത്തു ദുഷ്ടൻ ...!
 ബെസ്റ് !! ഒന്നും പറയാനില്ല..
ഇനിയിപ്പോൾ ഇവന്റെ ചേട്ടനായി അഭിനയിക്കാൻ  ആരെയാണാവോ പറഞ്ഞു വിടുക ..നോക്കിയപ്പോൾ തലേ ദിവസത്തെ കെട്ടിറങ്ങാതെ തണ്ടൊടിഞ്ഞു കിടക്കുന്ന താമര യെ കണ്ണിൽ പെട്ടു -ഫുൾ ടൈം വെള്ളം ആയത്കൊണ്ട് താമരയെന്നു വിളിപ്പേരുള്ള ഒരു നഴ്സിംഗ്  സപ്ലി കുട്ടൻ . (താമരയെ കുറിച്ച് കൂടുതൽ  മറ്റൊരു അധ്യായത്തിൽ എഴുതാം.) 

ഹും !ഒരു ക്വാർട്ടറും രണ്ടു സ്റ്റാറും (പാൻ മസാല ) രണ്ടു ലിറ്റൽ പെട്രോളും അടിയ്ക്കാൻ ക്യാഷ് ഉണ്ടോ .!
ഹും ! അതൊക്കെ നോക്കാം പക്ഷെ കാര്യം നടക്കണം .ദാ  ആ     "ട "   പോലെ വളഞ്ഞു കിടക്കുന്ന പുള്ളിക്കരനെ കണ്ടോ അതാണ് നിന്റെ ചേട്ടൻ ..
അയ്യേ ! പുള്ളിയോ എന്റെ ചേട്ടൻ ആകുമ്പോൾ കുറച്ചു കൂടി ലുക്ക് വേണം ആ ഫാത്തിമയും ഫർസാനയും ഒക്കെ കാണും കോളേജിൽ .
ആണോ ...? അങ്ങനെ ആണെങ്കിൽ ഇവിടുന്നു താഴെ ഇറങ്ങി ബസ് സ്റ്റോപ്പിൽ ചെന്നാൽ നേരെ നാട്ടിലോട്ട് ബസ് കിട്ടും എന്റെ മോൻ വിട്ടോ ....!
അയ്യോ അങ്ങനെ പറയല്ലേ ഇതുമതി ..ഇതുമതി ...നമുക്കിതിനെ കുളിച്ചു കുട്ടപ്പനാക്കി എടുക്കാം .....ഇത് മതിയെ ....

അന്ന് ആദ്യമായി താമരയെ ഞാൻ ഒന്ന് വൃത്തിയിൽ കണ്ടു .ആദ്യം ഒക്കെ വിസമ്മതിച്ചെങ്കിലും ഒരു പൈന്റിൽ സംഭവം ഡീൽ ആയി . അങ്ങനെ സത്യ ക്രിസ്ത്യാനി ആയ താമര പൊന്നാനിയിൽ പോകാതെ തന്നെ മതം മാറി ജബ്ബാർ ആയി .
 അങ്ങോട്ട് പോകുമ്പോൾ മദ്യം കൈകൊണ്ടു  തൊടില്ല എന്നു ഉറപ്പും എനിയ്ക്കു തന്നിട്ട്  താമരയും മുനീറും ഒരമ്മ പെറ്റ മക്കളെ പോലെ ബൈക്കിൽ കയറി യാത്രയായി .എന്താകുമോ എന്തോ? ഞാൻ ഒരു ദീർഘ നിശ്വാസംത്തോടെ  അവരുടെ പോക്ക് നോക്കി നിന്നു .

താമരയ്ക്കു മതിയായ ക്ലാസ് മുനീർ കൊടുത്തിട്ടാണ് കൊണ്ട് പോയത് .അവിടെ എത്തി പ്രിൻസിപ്പൽ ന്റെ റൂം ലക്ഷ്യമാക്കി നടന്നു .പെട്ടെന്ന് താമര ഒന്നു സഡൻ ബ്രേക്ക് ഇട്ടു ! ഒന്നു മൂത്രമൊഴിയ്ക്കണം ..
മുനീർ മൂത്രപ്പുര കാണിച്ചു കൊടുത്തു .എല്ലാം കഴിഞ്ഞു വളരെ സീരിയസ് ലുക്കിൽ താമര പ്രിൻസിപ്പാളിന്റെ മുന്നിലെത്തി ..
ചില ഹോളിവുഡ്  സിനിമകൾ പോലെ പതിയെ തുടങ്ങിയ പ്രിൻസിപ്പൾ അവസാനം കത്തിക്കയറി .. താമര ഇടയ്ക്ക് മുനീറിനെ ഒന്നു നോക്കും പിന്നെ പ്രിൻസിപ്പൾ പറയുന്നതും തല കുനിച്ച് കേൾക്കും .. മുനീർ .കുറ്റബോധത്തോടെ  കുനിച്ചു തന്നെ നിന്നു .കുറച്ചു നേരത്തെ പെർഫോമൻസിന് ശേഷം പ്രിൻസിപ്പൾ ഒന്നു തണുത്തു .ഇനി ഒരു പ്രോബ്ലം ഇവൻ ഉണ്ടാക്കിയാൽ  ഡിസ്മിസ് ചെയ്യുകയല്ലാതെ മാർഗ്ഗം ഒന്നുമില്ല .. തൽക്കാലം ഇനി പ്രോബ്ലം ഒന്നും ഉണ്ടാക്കില്ല എന്ന് എഴുതി ഒപ്പിട്ട് തന്നിട്ട് പൊയ്ക്കോളാൻ പറഞ്ഞു .മുനീർ  പഞ്ചാബി ഹൗസ് സിനിമയിലെ കൊച്ചിൻ ഹനീഫ ബോട്ട് കിട്ടിയപ്പോൾ കാണിച്ചത് പോലെ ഉള്ളിൽ ചിരിച്ച് പുറത്ത് കരഞ്ഞ്  കൊണ്ട് എഴുതി ഒപ്പിട്ട് കൊടുത്തു .. താമരയാകട്ടെ കിട്ടാൻ പോകുന്ന കുപ്പിയെ ഓർത്ത് പുളകം കൊണ്ടു ..
അപ്പോഴാണ് അത് സംഭവിച്ചത് ..
പ്രിൻസിപ്പൾ ഒരു കുശലം താമരയോട് ചോദിച്ചു ... താങ്കൾ എന്ത് ചെയ്യുന്നു ...?
അതു വരെ കമാന്നു ഒരക്ഷരം മിണ്ടാതെ തലയും ആട്ടി എല്ലാം കേട്ട് മാത്രം നിന്ന താമര സംസാരിക്കാൻ തുനിഞ്ഞപ്പോൾ വായിൽ നിറയെ സ്റ്റാറും തുപ്പലും കൂടി നിറഞ്ഞു നിൽക്കുന്നു .... ചിന്നി വിരൽ കൊണ്ട് ഒരു മിനിട്ട് എന്ന് കാട്ടിയിട്ട് താമര പുറത്തേക്കിറങ്ങി വരാന്തയിൽ നിന്നു കൊണ്ട് താഴെക്ക് തുപ്പി .ഇത് കണ്ട് മുനീർ ന് തല കറങ്ങുന്നത് പോലെ തോന്നി .. താമര  വീണ്ടും പ്രിൻസിപ്പലിന്റെ റൂമിൽ വന്നിട്ട് സ്റ്റാർ ഇട്ട് ചുവന്ന പല്ലും മോണയും കാട്ടി  അതിനു മറുപടിയായി പറഞ്ഞു  ഐ ആം എ  GNM നഴ്സ് ..... ഒരു ലേശം സ്റ്റാർ പ്രിൻസിപ്പലിന്റെ മുഖത്ത് തെറിച്ചോ എന്നൊരു സംശയം ..
പ്രിൻസിപ്പലിന്റ മുഖത്ത് നവരസങ്ങൾ മിന്നി മറഞ്ഞു ...
അങ്ങനെ സസ്പൻഷൻ മാറി ഡിസ്മിസലുമായി താമരയും മുനീറും തിരിച്ചു റൂമിലെത്തി ....  അന്നു മുതൽ മുനീറും അവിടുത്തെ അന്തേവാസിയായി മാറി  ... അല്ല മൂത്രമൊഴിയുമ്പോൾ അറിയാതെ സ്റ്റാർ പൊട്ടിച്ചു വായിലിടുന്ന ശീലം ഒരു തെറ്റാണോ നിങ്ങൾ പറയ് ....!. . ( തുടരും.)

Comments