ക്രിസ്തുമസ് അപ്പൂപ്പൻ
എന്റെ ഊഴമാണ്, ആദ്യ വർഷം എന്റെ ചേട്ടനും പിന്നത്തെ വർഷം എന്റെ കസിനും ഏറ്ററെടുത്തു വിജയിപ്പിച്ച സംഭവം ആണ് ഇപ്പോൾ എന്റെ തലയിൽ വന്നിരിയ്ക്കുന്നത്.ഞാൻ അപ്പോൾ ഏഴിലോ എട്ടിലോ മറ്റോ പഠിയ്ക്കുയ്ക്കുക ആയിരുന്നു ..ഇത്രേം ക്രിസ്ത്യാനികൾ ഇവിടെ ഉണ്ടായിട്ടും ഞാൻ ആണത്രെ അടുത്ത ക്രിസ്‌തുമസ് അപ്പൂപ്പൻ !!.ഞങ്ങൾ അയൽക്കാർ പിള്ളേര് സെറ്റ് ചെറുതായി തമാശയ്ക് തുടങ്ങി വെച്ചതാണ്.ഇതിപ്പോൾ എല്ലാ കൊല്ലവും ക്രിസ്തുമസ് ആകുമ്പോൾ വലിയവർ എല്ലാം ചോദിയ്ക്കാൻ തുടങ്ങും ഇപ്രാവശ്യം കരോൾ ഇല്ലേ എന്നു..അങ്ങനെ അതൊരു ചടങ്ങായി മാറി.. കൂട്ടുകാരുടെ ഇടയിൽ ബഹളക്കാരൻ ആണെങ്കിലും സ്റ്റേജ് ഫിയർ നല്ലോണം ഉള്ള കൂട്ടത്തിൽ ആണ് ഞാൻ..പക്ഷേ അത് പുറത്തു കാണിയ്ക്കുന്നത് നമ്മുടെ ഇമേജ് നെ ബാധിയ്ക്കും എന്നുള്ളത് കൊണ്ടു മറുത്തൊന്നും പറയാതെ ഞാൻ ആ ചെറു പ്രായത്തിലെ അപ്പൂപ്പൻ ആകാൻ തീരുമാനിച്ചു ..
പാട്ടു പാടാൻ ആസ്ഥാന ഗായികമാരായി എന്റെ പെങ്ങളും ,പൊടിമോന്റെ പെങ്ങളും ഉണ്ട്. അവരോടു ഞാൻ ഒരു കാര്യമേ അവശ്യപ്പെട്ടുള്ളൂ. അപ്പൂപ്പന് തുള്ളാൻ പാകത്തിനുള്ള നല്ല അടിച്ചു പൊളി പാട്ടു വേണം നിങ്ങൾ പാടാൻ .ഇല്ലേൽ എനിയ്ക്കു ഡാൻസ് വരില്ല...
വർഷങ്ങളായി കൈമാറി വന്ന മുഷ്ക് മണമുള്ള മുഖം മൂടിയും അമ്മയുടെ ഒരു ചുവന്ന മാക്സിയും (പിൻ കുത്തി അഡ്ജസ്റ് ചെയ്തത്) വയറ്റിൽ ബെൽറ് കൊണ്ടു അഡ്ജസ്റ് ചെയ്ത തലയിണ ഒരെണ്ണം ,പിന്നെ കറുത്ത ഒരു ഷൂ. ക്രിസ്തുമസ് പപ്പ റെഡി...!
കുറച്ചു ഗ്യാസ് മിട്ടായി ആൻഡ് നാരങ്ങാ മിട്ടായി ഫോർ കൊച്ചു കുട്ടികളെ വശത്തു ആക്കാൻ .
വലിയ ഈറ വെട്ടി ഉണ്ടാക്കിയ കൂറ്റൻ സ്റ്റാറും ഒക്കെ ആയി പടച്ചോനെ കാത്തോളനെ എന്നും വിളിച്ചോണ്ടു കരോൾ സംഘം യാത്ര തുടങ്ങി....
എന്റെ പെങ്ങൾക് എന്നോട് വൈരാഗ്യം ഉള്ളത് കൊണ്ടോ മറ്റൊ പാടിയ പാട്ടുകൾ എല്ലാം തന്നെ ഒരുമാതിരി അവാർഡ് പാട്ടുകൾ...സമയാമം രഥത്തിൽ എന്നുള്ള പാട്ടു സ്ലോ മോഷനിൽ പാടിയാൽ എങ്ങനെ ഇരിയ്കും ..?.എന്റെ ഡാൻസ് ഒരുമാതിരി ചന്ദ്രനിൽ നടക്കാൻ ഇറങ്ങിയ ആളുടെ നടത്തം പോലെ ആയി...എന്റെ നെഞ്ചു ആണോ .വാടകയ്ക്കു എടുത്ത കോട്ടുന്ന ഉപകരണം ആണോ ഇടിയ്ക്കുന്നത് എന്നു അറിയാത്ത അവസ്ഥ...പെർഫോമൻസ് തീരെ പോരാ എന്നു വീട്ടുകാരുടെ മുഖം കണ്ടാൽ അറിയാം...ആ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ അപ്പൂപ്പന്റെ വടി കൊണ്ടു നല്ല പെട ഞാൻ പെങ്ങൾക് കൊടുത്തു ...മര്യാദയ്ക്ക് അടിച്ചു പൊളി പാട്ടു പാടണം എന്നു ഭീഷണിപ്പെടുത്തി...
മുഖം മൂടിയിൽ കണ്ണിന്റെ ഭാഗത്തു ചെറിയ ഒരു ദ്വാരം മാത്രമേ ഉണ്ടായിരുന്നുള്ളു അതു കൊണ്ടു കൊണ്ടു എനിയ്ക് ഒന്നും ശരിയ്ക് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല ..
എല്ലാവർക്കും അടുത്ത വീട്ടിൽ എത്തുമ്പോൾ മതി അപ്പൂപ്പനെ. അതു വരെ അപ്പൂപ്പൻ ഉണ്ടോ അതോ ചത്തോ എന്നു പോലും ആരും തിരക്കില്ല...
ഇടയ്ക്കു വളരെ ഇരുട്ടുള്ള നീണ്ട ഒരു വഴി ഉണ്ടാരുന്നു അവിടെ വീടുകൾ ഒന്നുമില്ല ..അവിടെ ഒരു ശ്മശാനം ഉള്ളത് കൊണ്ടു പകല് പോലും ഞാൻ അതിലെ പോകാറില്ല.. ബാക്കി ഉള്ളവർ കളിയും ചിരിയുമായി വേഗത്തിൽ നടന്നു പോയി താഴെ വലിയുന്ന മാക്സിയും ,വയറ്റിന്ന് ഊർന്നു പോകാൻ വെമ്പി നിൽക്കുന്ന തലയിണയും വടിയും രണ്ടു കയ്യും കൊണ്ടു പിടിച്ചോണ്ടു എനിയ്ക്കു അവർക്ക്ഒപ്പം ഓടിയെത്താൻ പറ്റിയില്ല...ഞാൻ അലറി വിളിച്ചു എന്നേം കൂടി കൊണ്ടു പോയോ...!!.എന്റെ ശബ്ദം മുഖം മൂടി യിൽ തട്ടി ബാഷ്പങ്ങളായി എന്റെ മുഖത്തേക്ക് തന്നെ തെറിച്ചു..പിന്നെ പണ്ട് ചാക്കടി മത്സരത്തിൽ പങ്കെടുത്ത ഓർമ്മയിൽ തുള്ളി കുതിച്ചു ഞാൻ അവർക്ക് ഒപ്പം എത്തി..
അങ്ങനെ വലിയ കളക്ഷൻ ഒന്നും കിട്ടാതെ നിരാശരായി ഞങ്ങൾ ഒരു അച്ചായന്റെ വലിയ വീടിന്റെ മുൻപിൽ പ്രതീക്ഷയോടെ വന്നു നിന്നു...
പെങ്ങൾ പതിവ് പോലെ അവാർഡ് പാട്ടു പാടാൻ തുടങ്ങി ..ഒരു 35 വയസ്സ് തോന്നിയ്ക്കുന്ന ചെറുപ്പക്കാരൻ പുറത്തേക്കു ഇറങ്ങി വന്നു നോക്കി...അയാൾ നെറ്റി ചുളിച്ചു...വേഷവും കെട്ടി ആളുകളെ പറ്റിയ്ക്കാൻ ഇറങ്ങിയെക്കുവാണോ....? എന്നു ചോദിയ്ക്കുന്നതോടൊപ്പം തന്നെ പട്ടി കൂടു ലക്ഷ്യമാക്കി നീങ്ങിയത് മുഖംമൂടി യുടെ ചെറിയ ദ്ദ്വാരത്തിലൂടെ ഞാൻ മാത്രം കണ്ടില്ല...പാട്ട് നിന്നു .ആളനക്കം ഇല്ല .എന്തു പറ്റി എന്നറിയാൻ ഞാൻ പതുക്കെ മുഖംമൂടി യുടെ പഴുതിലൂടെ നോക്കി ആരുമില്ല !!പാവം ഈ അപ്പൂപ്പൻ മാത്രം അവിടെ നില്പുണ്ട്...പെട്ടന്നാണ് ഞാനും കണ്ടത് അയാൾ പട്ടിക്കൂട് തുറക്കുന്നത്...പിന്നെ ഒന്നും ആലോചിച്ചില്ല കുന്തി കുന്തി ഒരു കുതിരയെ പോലെ ഞാനും കുതിച്ചു പാഞ്ഞു....
അപ്പോൾ എല്ലാർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ....😍


Comments
Post a Comment