പത്രത്തിൽ വന്ന എൻ്റെ ആദ്യത്തെ ഫോട്ടോ
സ്ക്കൂളിൽ പഠിക്കുമ്പോൾ ഏതെങ്കിലും പ്രോഗ്രാമിനു പങ്കെടുത്ത് വിജയിച്ചിട്ട് പത്രത്തിൽ പടം വന്നിട്ടുണ്ടോ...? വരണം എന്ന് ആഗ്രഹിച്ചിട്ടുണ്ടോ ? ..
ഞാൻ പഠിച്ചത് വീട്ടിൽ നിന്നും വളരെ ദൂരെയുള്ള സെൻ്റ് സ്റ്റീഫൻസ് സ്കൂളിൽ ആയിരുന്നു .ക്രിസ്ത്യൻ മാനേജ്മെന് നടത്തുന്ന അൽപം സ്ട്രിക്റ്റ് ആയിട്ടുള്ള സ്ക്കൂൾ . ഒരു 45 മിനറ്റ് എങ്കിലും വേണം അവിടെ നടന്ന് എത്താൻ .
പക്ഷേ എൻ്റെ ചേട്ടനും അനിയത്തിയും മറ്റ് കസിൻസും ഒക്കെ പഠിച്ചത് നടുക്കുന്നു ഹയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു ..അതാണെങ്കിൽ വീടിൻ്റെ വളരെ അടുത്തുള്ള വലിയ ആഡംബരങ്ങൾ ഒന്നും ഇല്ലാത്ത ഒരു സാധാരണ സ്കൂളും ...
അവിടുത്തെ യുവജനോത്സവം എന്നാൽ ഒരു വലിയ ആഘോഷമായിരുന്നു .. ഞാൻ എന്തെങ്കിലും കാരണം പറഞ്ഞ് സ്കൂളിൽ പോകാതെ അവിടുത്തെ യുവജനോത്സവം കാണാൻ സ്ഥിരം പോകും . ചേട്ടനും പെങ്ങളും സമ്മാനങ്ങൾ വാങ്ങി കൂട്ടുന്നത് കണ്ട് അസൂയ പൂണ്ട് ഇങ്ങനെ നിൽക്കും.
വൈകിട്ട് വീട്ടിൽ വന്ന് എൻ്റെ മുന്നിൽ സമ്മാനങ്ങൾ നിരത്തി അവർ രണ്ടാളും എന്നെ കളിയാക്കാറുണ്ടായിരുന്നു..
അവരുടെ മുന്നിൽ എങ്ങനെ എങ്കിലും സ്റ്റാറകണം .എന്നു കരുതി ഞാനും എൻ്റെ സ്കൂളിൽ പല പരിപാടികൾക്കും ചേർന്നു എങ്കിലും ഒന്നും അങ്ങോട്ട് ഗുണം പിടിച്ചില്ല .
ഒരു ഉദാഹരണം പറയാം .. സ്ക്കൂളിലെ സ്പാർട്സ് day വന്നു ലോങ്ങ് ജമ്പിനു ചേർന്നു .. യുദ്ധത്തിന് പോകുന്ന ക്ഷത്രിയ നെ പോലെ സ്കൂളിൽ പോകാൻ ഇറങ്ങിയപ്പോൾ അമ്മയുടെ കാൽ തൊട്ട് വണങ്ങി പെങ്ങളെയും ചേട്ടനെയും കേൾക്കെ ഞാൻ പറഞ്ഞു ..അനുഗ്രഹിയ്ക്കണം .. ഇന്ന് സ്പോർട്സ് ഡേ ആണ് ..
പിന്നെന്തിനാ നീ സ്കൂളിൽ പോകന്നേ.. സാധാരണ നീ സ്പോർട്സിൻ്റെ അന്നു പോവാറില്ലല്ലോ ... എന്നു പറഞ്ഞു നാറ്റിച്ച അമ്മയോട് അൽപം ദേഷ്യം തോന്നിയെങ്കിലും അത് കടിച്ചമർത്തി ഞാൻ പറഞ്ഞു ഒന്നു രണ്ടു ഐറ്റത്തിന് ഞാൻ ചേർന്നിട്ടുണ്ട് ... മിക്കവാറും കപ്പും കിട്ടും (അൽപം ഉച്ചത്തിൽ ചേട്ടനും പെങ്ങളും കേൾക്കാൻ പാകത്തിന്അ കത്തേക്ക് നോക്കി കൊണ്ട് )
അമ്മയ്ക്ക് അനുഗ്രഹിക്കാൻ പറ്റുവോ ഇല്ലയോ അത് പറ
തള്ള കൈ വച്ച് തേച്ചങ് അനുഗ്രഹിച്ചു. കഷ്ടപ്പെട്ട് താഴ്ത്തി വെച്ച ഉച്ചിയിലെ മുടി പൊങ്ങിയത് മിച്ചം .. പങ്കെടുത്ത മത്സരങ്ങൾ എല്ലാം തീർന്നു.
ചന്തിയിൽ മണ്ണ് പറ്റിയതല്ലാതെ സമ്മാനം ഒന്നും കിട്ടിയില്ല .
സമ്മാനം ഒന്നുമില്ലാതെ വീട്ടിൽ ചെന്നാൽ ചേട്ടൻ്റെയും പെങ്ങളുടെയും മുന്നിൽ തല ഉയർത്താൻ പറ്റില്ല .
പെട്ടന്നാണ് ഒരു അശരീരി കേട്ടത് പി ടി മാഷായ ബാബുസാറിൻ്റെ ശബ്ദമായിരുന്നു അത്..
5 കിലോമീറ്റർ ഓട്ട മത്സരം നടത്താൻ പോകുന്നു .പ്രായ ഭേദമില്ലാതെ ആർക്കു വേണവെങ്കിലും മത്സരിയ്ക്കാം ...
അതായത് ആ വലിയ ഗ്രൗണ്ടിൽ 25 റൗണ്ട് ഓടണം ..ജയിച്ചാൽ വലിയ ഒരു ട്രോഫി കിട്ടും .. ഏതു വിധേനയും ജയിക്കണം .. ദൈവവായിട്ടു തന്ന അവസരമാണ് ഞാൻ രണ്ടും കൽപ്പിച്ച് ഓടാൻ തീരുമാനിച്ചു.
ഒട്ട മത്സരം കഴിഞ്ഞു ഞാൻ എത്ര റൗണ്ട് ഓടി എന്ന് എനിയ്ക്ക് ഓർമ്മയില്ല ...
അടുത്ത സീൻ എൻ്റ വീടിൻ്റെ മുന്നിലുള്ള തോട് കഴിഞ്ഞുള്ള റബ്ബർ തോട്ടമാണ് .. മഴ കോരിച്ചൊരിയുന്നു .. എൻ്റെ അപ്പൻ എന്തോ ഒരു അവ്യക്തമായ വിളി കേട്ട് വീടിനു പുറത്തേക്ക് വരുന്നു .. മഴ ആയതു കൊണ്ട് കാഴ്ച അത്ര വ്യക്തമല്ല .. ഒരു കുടയെടുത്ത് പുറത്തിറക്കി വിളി കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ .. വീടിൻ്റെ അടുത്ത് വരെ എങ്ങനെയോ എത്തിയ വീട്ടിലേക്ക് നടക്കാൻ .കഴിയാതെ.. ഇഴയുന്ന എന്നെയാണ് കണ്ടത്.
ആ സംഭവത്തിൻ്റെ ക്ഷീണം മാറി വരുമ്പോൾ ആണ് അടുത്ത യുവജന മത്സരം പത്തനാപുരം നടുക്കുന്നു സ്കൂളിൽ അരങ്ങേറുന്നത് .എൻ്റെ കസിൻ അഭിനയിച്ച നാടത്തിന് സബ്ജി ല്ലാ തലത്തിൽ സെലക്ഷൻ കിട്ടി ..
അതിൻ്റെ ഫോട്ടോ പത്രത്തിൽ കൊടുക്കാൻ ആയി ,ആ സ്കൂളിലെ കലാ പ്രവർത്തനത്തിനു ചുക്കാൻ പിടിയ്ക്കുന്ന ഒരു മാഷ്, പുള്ളിക്കാരൻ്റെ വീട്ടിലേക്ക് നാടകത്തിലഭിനയിച്ച ടീമിനോട് വരാൻ പറഞ്ഞു .
അങ്ങനെ എൻ്റെ കസിൻ പോകാൻ ഒരുങ്ങവെ എന്നെയും കൂടെ കൂട്ടി. ഞാനും വെറുതേ അങ്ങു കൂടെ പോയി .. സ്വാതന്ത്ര്യ സമരത്തെ പറ്റിയുള്ള എന്തോ ഒരു നാടകം ആയിരുന്നു .എല്ലാവരും കോസ്റ്റ്റൂമിൽ മേക്കപ്പ് ഒക്കെ ഇട്ട് വരണം എന്നാണ് പറഞ്ഞത് .എൻ്റെ കസിൻ നെഹ്റു വിൻ്റെ വേഷത്തിൽ തലയിൽ തൊപ്പി ഒക്കെ ഇട്ട് ആയിരുന്നു വന്നത് .അവിടെ ചെന്നപ്പോൾ മതിലിൽ ചാരി നിന്ന് മൂത്രമൊഴിയ്ക്കുന്ന ഗാന്ധിജിയേം കണ്ടു ..
ഫോട്ടോ എടുക്കാനുള്ള എല്ലാ സെറ്റപ്പും റെഡിയായി .
പെട്ടെന്ന് ആണ് അതിൽ അഭിനയിച്ച ഒരു നടൻ ഫോട്ടോ എടുക്കാൻ വരില്ല എന്നു ആരോ സാറിനോട് പറഞ്ഞത് .സാറിന് അത് ദേഷ്യം മായി .
"അവൻ്റെ ക്യാരക്ടർ മെയിൻ അല്ലെ ....ശ്ശേ എന്തു പണിയാ ഈ കാണിച്ചത് .
കലാകാരൻ ആയാൽ ഉത്തരവാദിത്വം വേണം " എന്നൊക്കെ പറഞ്ഞ്
പുള്ളിക്കാരൻ നേരേ എൻ്റെ മുഖത്തേക്ക് നോക്കി .... ഇത് ആരാ ..?
സാർ എൻ്റെ കസിനാണ് ......"എന്ന് നെഹ്റു പറഞ്ഞു
ഇവൻ്റെ ഹൈറ്റ് കറക്റ്റ് ആയിരിക്കും അല്ലേ..?
സാറേ ..ഇവൻ വേറേ സ്കൂളിലെയാ .....
ഗാന്ധിജി പറഞ്ഞു .
അതിനെന്താ ... കോസ്റ്ററ്യൂ മിൽ ഇവനെ ആരു തിരിച്ചറിയാനാ ...
ഇതൊക്കെ കേട്ട് ഞാൻ അവരുടെ മുഖത്ത് മാറി മാറി നോക്കി ...
ദൈവമെ നീ എത്ര വലിയവൻ ഒന്നുമറിയാതെ എൻ്റെ പടം പത്രത്തിൽ വരാൻ പോകുന്നു .... ഞാൻ മനസ്സിൽ പറഞ്ഞു.
കോസ്യറ്റൂ മോ ... ഞാനോ ...?
എന്തായിരിക്കും ആ വേഷം
ഭഗത് സിംഗ്?
സുഭാഷ് ചന്ദ്ര ബോസ് ...?
ഓ മൈ ഗോഡ് .... പത്രത്തിൽ വരുന്ന പടം വെട്ടി മുൻ വശത്തെ കതകിൽ തന്നെ ഒട്ടിയ്ക്കണം.
മിസ്റ്റർ അജീം നിങ്ങൾ വേഗം വേഷം ധരിച്ചു വരൂ ഫോട്ടോ ഗ്രാഫർക്ക് പോയിട്ട് ഒരു അത്യാവശ്യം ഉള്ളതാ ... സാർ പറയുന്നത് കേട്ട് ഞാൻ വിനയാന്വിതനായി തലയാട്ടി
വേഗം കോസ്റ്ററ്യൂ മെടുത്ത് കൊടുക്കെടാ എന്ന് പറഞ്ഞ് ഗാന്ധിജിയുടെ ചന്തിയിൽ ഒരു പെട ..
ഞാൻ വെറുതേ അത് കണ്ട് പൊട്ടിച്ചിരിച്ചു .
പക്ഷേ ആ ചിരിയ്ക്ക് ഗാന്ധിജി എൻ്റെ കോസ്യറ്റൂo കൊണ്ട് വരുന്നത് വരയെ ആയുസ്സുണ്ടായിരുന്നുള്ളൂ ..
എൻ്റെ വേഷം എന്തായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം ... ഭൂമി താഴേക്ക് പിളർന്ന് ഞാൻ പോയിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിച്ചു.
ചില നാടകങ്ങളുടെ ഇടയിൽ ഭയാനകത കാണിയ്ക്കാൻ കറുത്ത മുഖം മൂടി ഇട്ട ഒരു രൂപം വരില്ലെ ... അതായിരുന്നു ആ വേഷം ..
ഒന്നു മിണ്ടാനാകുന്നതിനു മുൻപു തന്നെ എന്നെ ആ കറുത്ത കപ്പായം അണിയിച്ച് എന്നെ അവർ ക്യാമറയുടെ മുന്നിൽ നിർത്തിച്ചു ..
എല്ലാവരും നിരന്നു നിന്നു,
ക്യാമറമാൻ ഫോട്ടോ എടുക്കാൻ തുടങ്ങവെ സാർ എൻ്റെ മുഖത്തേക്ക് സൂക്ഷിച്ച്നോ ക്കി ..
ഫോട്ടോ എടുക്കാൻ വരട്ടെ ... എവിടെ ആ കറുത്ത മുഖം മൂടി ... ?
അതും കൂടി അവൻ്റെ തലയിൽ ഇട് എന്നാലെ കഥാ പാത്രത്തിന് ഒരു പൂർണ്ണത കിട്ടൂ ....
ധാന്തിയാ തോപ്പി ആണോ ബാലഗംഗാധര തിലകനാണോ എന്ന് അറിയില്ല ആരോ എൻ്റെ തലയിൽ കൂടി ആ കറുത്ത മുഖം മൂടി അണിയിച്ചു ..
"ക്ലിക്ക് " എന്ന ഒച്ച മാത്രം കേട്ടു .ക്യാമറയുടെ ലൈറ്റു മിന്നുന്നത് പോലും കണ്ടില്ല ... എല്ലാരും പോയിട്ടും ഞാൻ അവിടെ തന്നെ നിന്നു.
നെഹ്റു വന്ന് മുഖം മൂടി ഊരി എന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി ..
പിറ്റേന്ന് ഫോട്ടോ പത്രത്തിൽ വന്നതും കൊണ്ട് കസിൻ എനെറടുത്ത് വന്നു .. ഞാൻ ഒന്നേ നോക്കിയുള്ളൂ ..ഗാന്ധിജിയുടെയും നെഹ്റു റെയും ഇടയിൽ ഒരു ചാക്കു കെട്ട് പോലെ എന്തോ ഒന്ന് ....


Comments
Post a Comment