വെറുതെ ചോദിച്ച ചോദ്യം
വെറുതെ ചോദിച്ച ചോദ്യം !
എന്നത്തേയും പോലെ ഇന്നും ജോലി കഴിഞ്ഞു അല്പം താമസിച്ചാണ് ഇറങ്ങിയത് .പുറത്തെ വാതിലിനരികിലെ പഞ്ചിങ് മെഷീനിൽ മുഖം കാട്ടി പുറത്തേക്കിറങ്ങാൻ നോക്കിയപ്പോൾ അതാ വാതിലിനരുകിലെ മേശയുടെ അരികിൽ അയാൾ ഇരിയ്ക്കുന്നു . മൊട്ടത്തലയനായ ഫിറ്റ് ബോഡി ഉള്ള ആഫ്രിക്കൻ വംശജനായ ഞങ്ങളുടെ സ്ഥാപനത്തിലെ ഒരു സെക്യൂരിറ്റി ആണ് .അപ്പോഴാണ് ഞാൻ ഓർത്തത് ഞാൻ ഇയാളെ കണ്ടിട്ട് കുറെ ആയല്ലോ. അയാൾ എന്റെ മുഖത്തേക്ക് നോക്കി .
ഞങ്ങൾ തമ്മിൽ അങ്ങനെ പരിചയം ഒന്നും ഇല്ലെങ്കിലുംഎവിടായിരുന്നു കുറെ ആയല്ലോ കണ്ടിട്ട് ചോദിയ്ക്കണം എന്ന് തോന്നി. പക്ഷെ പെട്ടന്ന് ഫ്ലാഷ് ബാക്കിൽ ചില കാര്യങ്ങൾ മിന്നി മറഞ്ഞു അ പ്പോൾ പിന്നെ ഒന്നും മിണ്ടാതെ പോകാം എന്ന് കരുതി .
ഫ്ലാഷ് ബാക് എന്താണെന്നല്ലെ പറയാം .എന്നും രാവിലെ എന്നെ കാണുമ്പൊൾ ഉറച്ച ശബ്ദത്തിൽ അയാൾ ഗുഡ് മോർണിംഗ് പറയും .എന്നെ കാണുമ്പൊൾ മാത്രമല്ല അവിടെ പഞ്ച് ചെയ്യാൻ വരുന്ന എല്ലാരോടും പറയും .ഞാനും തിരിച്ചു വളരെ കാര്യമായി ഗുഡ്മോർണിംഗ് പറയും ..
ഈ ഗുഡ് മോർണിംഗ് വെറും ജോലിയുടെ ഭാഗം ആയിട്ടുള്ള ആത്മാര്ഥതയില്ലാത്തതു ആണെന്നു ഞാൻ വൈകിയാണ് മനസ്സിലാക്കിയത് .ഒരിയ്ക്കൽ കൊറോണ ടെസ്റ്റ് ന്റെ വാലിഡിറ്റി തീർന്നു എന്നും പറഞ്ഞു എന്നെ അയാൾ കയറ്റി വിട്ടില്ല .ടെസ്റ്റ് ചെയ്‌തെങ്കിലും മൊബൈൽ ആപ്പിൽ അത് അപ്ഡേറ്റ് ആയില്ല .കാര്യം പറഞ്ഞിട്ടൊന്നും പുള്ളിക്കാരൻ അയയുന്നില്ല .പിന്നീട് ഒരിയ്ക്കൽ എന്റെ ID കാർഡ് മറന്നു പോയപ്പോൾ എന്നെ കൊണ്ട് രെജിസ്റ്ററിൽ കാരണം എഴുതിപ്പിച്ചു .ചങ്ങാതി റൂൾസ് ആൻഡ് റെഗുലേഷൻസ് വിട്ടുള്ള കളിയില്ല .പിന്നീടങ്ങോട്ട് അയാൾ ഗുഡ്മോർണിംഗ് പറയുമ്പോൾ പേരിനു മാത്രമായി വല്യ താല്പര്യമില്ലാതെ ഞാൻ തിരിച്ചൊരു ഗുഡ്മോർണിംഗ് പറയും .എന്നോടാ കളി .
ഇനി കാര്യത്തിലേക്കു കടക്കാം. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ ഞാൻ വേണ്ട എന്ന് വിചാരിച്ചെങ്കിലും അറിയാതെ ചോദിച്ചു പോയി കണ്ടിട്ട് കുറെ ആയല്ലോ നാട്ടിൽ പോയോ ?
അയാളുടെ മുഖത്തെ ഭാവം കണ്ടപ്പോൾ ഞാൻ ആ ചോദ്യം ചോദിയ്ക്കും എന്ന് പ്രതീക്ഷിച്ചില്ല എന്ന് തോന്നി .
ആദ്യം മൗനമായി എന്നെ നോക്കിയിട്ടു പറഞ്ഞു
എസ് .പോയിട്ട് വന്നതാ .എന്റെ സഹോദരൻ ഒരു ആക്‌സിഡന്റിൽ മരിച്ചു .ആക്‌സിഡന്റ് പറ്റിയ സ്ഥലത്തേക്ക് പോയ എന്റെ കസിനും മറ്റൊരു ആക്‌സിഡന്റിൽ മരണപ്പെട്ടു .ഒരാഴ്ചക്കിടയിൽ രണ്ടു മരണം .ഇപ്പോൾ എന്റെ മമ്മ അവിടെ തനിച്ചായി .എനിയ്ക്കു തിരിച്ചു വരാതിരിയ്കാൻ പറ്റില്ലല്ലോ ..അത്കൊണ്ടു വന്നു .ഒരു ഉരുക്കു ശരീരത്തിൽ നിന്നും അങ്ങനെ ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചില്ല ..ഒരു പക്ഷെ വിഷമം കേൾക്കാൻ ആരും ഇല്ലാത്ത കൊണ്ടാവും ..ഞാൻ ചോദിച്ചപ്പോൾ ഇത്രയും പറഞ്ഞത് ...ഇല്ലെങ്കിൽ ഇത് പറയാൻ മാത്രം ബന്ധം ഒന്നും ഞങ്ങൾ തമ്മിൽ ഇല്ല .ആദ്യമായിട്ടാണ് ഞാൻ അയാളോട് ഗുഡ് മോർണിംഗ് അല്ലാതെ ഒരു വാക്ക് പറയുന്നത് ...
ഇത് പറയുമ്പോൾ അയാളുടെ കണ്ണുകൾ കലങ്ങിയിരിപ്പുണ്ടായിരുന്നു ..
ഞാൻ കുറച്ചു നേരം അയാളെ നോക്കി ....എന്ത് പറയാൻ ....
"സോറി ...എന്ത് ചെയ്യാൻ ഇതാണ് ജീവിതം !.ഒന്നും നമ്മുടെ കയ്യിൽ അല്ലല്ലോ ....?എന്ന് ഒരു സമാധാന വാക്ക് പറഞ്ഞു.
മറ്റാരോ പഞ്ചു ചെയ്യാൻ വന്നപ്പോൾ ചിരിച്ചു കൊണ്ട് അയാളെ വിഷ് ചെയ്ത് അയാൾ ജോലി തുടർന്നു .
ഞാൻ പുറത്തേക്കു ഇറങ്ങി .. എന്തോ ഓർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു .....



Comments
Post a Comment