സ്ത്രീ ജൻമം പുണ്യജന്മം ......

സ്ത്രീ ജൻമം പുണ്യജന്മം ......
സത്രീ ജൻമം ധന്യ ജൻമം ..... ഇങ്ങനെ സ്ത്രീകളെ പ്രകീർത്തിച്ചു പാടിയതിനു വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട ഒരു ചങ്ക് കസിൻ എനിക്കുണ്ട് .. വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റിൽ സംപ്രക്ഷണം ചെയ്ത ഒരു മേഗാ ... സീരിയലിന്റെ ടൈറ്റിൽ ഗാനമാണിത് .ഇനി കഥയിലേക്കു കടക്കാം .. ഞാൻ അന്നു 7 th ലാണെന്നു തോന്നുന്നു .അവൻ 8th ലും ഞങ്ങൾക്ക് രണ്ടാൾക്കും കൂടി ഒരു മിഷൻ കിട്ടി .മിഷൻ "കൂട്ടുകിടക്കൽ ". എന്റെ ഗ്രാൻ മദർ (ദാദി) യമ്മ വയലിനക്കരെ ഒറ്റയ്ക്ക് ആയിരുന്നു താമസം .പൊതുവേ ധൈര്യ ശാലിയായ ദാദിയമ്മയ്ക്ക് ഒറ്റയ്ക്ക് താമസിയ്ക്കുന്നത് ഒരു പ്രശ്നമല്ലായിരുന്നു .പക്ഷേ ഗൾഫിലുള്ള മക്കൾക്ക് അമ്മ ഒറ്റയ്ക്ക് താമസിയ്ക്കുന്നതു കൊണ്ടുള്ള വിഷമം കാരണം കൊച്ചുമക്കളും ധൈര്യശാലികമായ ഞങ്ങളെ ആ മിഷൻ ഏൽപിച്ചു . അങ്ങനെ എന്നും വൈകിട്ട് ഓരോ പൊതിയും കെട്ടി ഞങ്ങൾ അക്കരെയിൽ പോകും .ദാദിയമ്മ ഭയങ്കര കർക്കശക്കാരി ആണ് .ഞങ്ങൾക്ക് എല്ലാം ആകെ  പേടിയുള്ളത്  ദാദിയമ്മായെ അണ് .അക്കരെ വീട്ടിൽ ചെന്നാൽ പിന്നെ പരസ്പരം ഉള്ള കമ്യൂണിക്കേഷൻ വരെ ആംഗ്യ ഭാഷയിൽ ആണ് .. പിന്നെ ആകെ ഉള്ള സന്തോഷം അവിടെ കേബിൾ ടി വി ഉണ്ട് .നമ്മുടെ വീട്ടിൽ 7.30 കഴിഞ്ഞാൽ ഉപഗ്രഹ ചാനലിൻ സംപ്രേക്ഷണം തുടരും എന്നും പറഞ്ഞിട്ട് ദൂരദർശൻ കേന്ദ്രം തിരുവനന്തപുരം  കാര് കടയും പൂട്ടി പോവും .ദാദിയുടെ വീട്ടിൽ ഫുൾ ടൈം മലയാള പരിപാടി ഉണ്ട് .പക്ഷേ പ്രതീക്ഷകൾക്ക് ഒക്കെ മങ്ങൽ എൽപിച്ചു കൊണ്ട് ദാദി പറഞ്ഞു ടി വി ടെ മുമ്പിൽ ഇരുന്നു പഠിയ്ക്കാതെ അകത്തെ റൂമിൽ കതകടച്ചിരുന്നു പഠിയ്ക്കണം ,അതും രണ്ടാളും രണ്ട് സ്ഥലത്തായി ഇരുന്നോണം സംസാരിയ്ക്കുന്ന ശബ്ദം കേട്ടു പോകരുത് .! അങ്ങനെ എല്ലാത്തിനും ഒരു തീരുമാനമായി .വേറേ വഴി ഇല്ലാത്തത് കൊണ്ട് പിന്നെ ഞങ്ങൾ സീരിയലുകളുടെ ശബ്ദരേഖ കൊണ്ട് അഡ്ജസ്റ്റ് ചെയ്തു .അന്നത്തെ മിക്ക സീരിയലുകളുടെയും ടൈറ്റിൽ സോങ്ങ് ഞങ്ങൾക്ക് കാണാ പാoമായിരുന്നു .പക്ഷേ ഞങ്ങളുടെ പ്രധാന പ്രശ്നം ഇതൊന്നുമല്ലായിരുന്നു .. മൂത്രമൊഴിയ്ക്കാൻ പോകണമെങ്കിൽ അടുക്കള കഴിഞ്ഞ് വിജനമായ വർക്ക് ഏരിയയോട് ചേർന്ന് ഉള്ള ടോയ്ലറ്റിൽ വേണം പോകാൻ .ആ വർക്ക് ഏരിയയിൽ വച്ചാണ് കുടുംബത്തിലെ ഏറ്റവും മുതിർന്ന ദാദിയമ്മ മരിച്ചപ്പോൾ കുളിപ്പിച്ചത് .പൊതുവേ ധൈര്യശാലികളായ ഞങ്ങൾക്ക് അതൊന്നും ഒരു പ്രശ്നമായിരിക്കില്ലല്ലോ .. " ? ഞങ്ങൾ രണ്ടും ഒരുമിച്ചായിരുന്നു ആ കാലയളവിൽ ടോയ്ലറ്റിൽ മൂത്രമൊഴിച്ചിരുന്നത് ഇടയ്ക്കിടയ്ക്ക് മൂത്രം കൊണ്ട് വാൾ പയറ്റ് വരെ നടത്തിയിരുന്നു .അതൊക്കെ ഒരു
കാലം ..!
മിക്ക ദിവസങ്ങളിലും പാതി രാത്രി അവൻ എന്നെ തട്ടി വിളിയ്ക്കും അളിയാ എനിയ്ക്ക് ഒന്നു മുള്ളണം പ്ലീസ് ഒന്നു കൂടെ വാ .. പിന്നെ രണ്ടാളും കൈ പിടിച്ച് ടോയ് ലറ്റ് ലക്ഷ്യമാക്കി തിരിഞ്ഞു നോക്കി നോക്കി ഒറ്റ നടത്തമാണ് .ഒരു ദിവസം കുറ്റബോധത്തോടെ അവൻ എന്നോട് ചോദിച്ചു " അളിയാ നിനക്ക് രാത്രി എന്താ  മുള്ളാൻ മുട്ടാത്തത് ? നീ ഇതു വരെ രാത്രിയിൽ എന്നെ വിളിച്ചു ശല്യ പ്പെടുത്തിയിട്ടില്ലല്ലോ ''?
അപ്പോൾ ഞാൻ പറഞ്ഞു ..അളിയാ ഞാൻ എന്നും രാത്രി നിന്നെ വിളിയ്ക്കാറുണ്ട്  പക്ഷേ നീ വെട്ടിയിട്ട വാഴ പോലെ കിടക്കുന്നതല്ലാതെ അനങ്ങാറു പോലുമില്ല .!
പിന്നെ നീ എങ്ങനെ മുള്ളും ?  ഒറ്റയ്ക്കു പോകുമോ ? അവൻ ആകാംക്ഷയോടെ ചോദിച്ചു .
ഞാനോ ? ഒറ്റയ്ക്കോ '? പുളിയ്ക്കണം !
വേറെ മാർഗ്ഗവില്ലാത്ത കൊണ്ട് ജനാല പാതി തുറന്ന് മുള്ളും ! പിന്നെ മുള്ളുമ്പോൾ പ്രത്യേകം ശ്രദ്ധിയ്ക്കണം നല്ല ഫോർസിൽ മുള്ളണം എന്നാലേ മതിലും കടന്നു റോഡിൽ പോവുകയുള്ളൂ ' ഇല്ലങ്കിൽ ഇന്നല്ലെങ്കിൽ നാളെ നമ്മൾ പിടിയ്ക്കപ്പെടും നല്ല മണമായിരിയ്ക്കുമേ .....!
അന്നു മുതൽ അവനും അത് ഫോളോ ചെയ്തു പോന്നു .. പക്ഷേ വിധിയെ തടുക്കാൻ ആർക്കാകും ? അവസാനം സംഭവിയ്ക്കാനുള്ളത് തന്നെ സംഭവിച്ചു .
ഒരു ദിവസം രാത്രി ഒരു രണ്ട് മണി ആയി കാണും ,ഞാൻ ഒരു ഹൊറർ സ്വപ്നം കണ്ട് ഇന്റർവൽ ആയി നിൽക്കുമ്പോൾ ആണ് അവൻ തട്ടി വിളിച്ചത് .അളിയാ വയറിനു നല്ല സുഖമില്ല ടോയ്ലറ്റിൽ പോണം .. ശരിയാ അതിനു ടോയിലറ്റിൽ തന്നെ പോണം .ഞാനും കൂടെ എഴുന്നേറ്റ് ടോയ്ലറ്റിന്റെ വാതിൽ വരെ കൈ പിടിച്ചു കൂടെ പോയി .വാതിൽക്കൽ എത്തിയപ്പോൾ നീ കൂടെ വരുന്നില്ലെ എന്ന അർത്ഥത്തിൽ അവന്റെ ഒരു നോട്ടം .ഇല്ല എന്നർത്ഥത്തിൽ ഞാനും തിരിച്ചു നോക്കി .. അവൻ പറഞ്ഞു "അളിയാ ഞാൻ അകത്തേക്കു പോവാ നീ പുറത്ത് തന്നെ ഉണ്ടാകണം .ഞാൻ ഇറങ്ങുമ്പോൾ നീ പുറത്ത് തന്നെ ഉണ്ടാകില്ലേ ".. ?വിജനമായ കമ്പി വലയിൽ തീർത്ത വർക്ക് ഏരിയയിലേക്ക് നോക്കി അവൻ എന്നോട് ചോദിച്ചു .ഞാൻ ഉണ്ടാകും എന്ന് ഉറപ്പും കൊടുത്തു . പിന്നെയും അവൻ തിരിഞ്ഞു നിന്നു എന്നിട്ട് പറഞ്ഞു അളിയാ ഞാൻ എല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോൾ " സത്രീ ജൻമം പുണ്യ ജന്മം എന്ന് പറയും അപ്പോൾ നീ "സ്ത്രീ ജൻമം ധന്യ ജന്മം "എന്നു പറയണം എന്നാലേ ഞാൻ പുറത്തേക്ക് ഇറങ്ങുകയുള്ളൂ ... എങ്ങും പോയേക്കല്ലേ '..!
ഞാൻ പറഞ്ഞു ഇല്ലളിയാ നീ ധൈര്യമായി പൊക്കോ ഞാൻ ഇവിടെ തന്നെ ഉണ്ട് .. അങ്ങനെ അവൻ അകത്തു കയറി കതകടച്ചു.. അപ്പോഴാണ് ഞാൻ ഒരു കാര്യം മനസ്സിലാക്കിയത് ഞാൻ നിൽക്കന്നത് മൂത്ത ദാദി മരിച്ചപ്പോൾ കുളിപ്പിച്ച സ്ഥലത്ത് ആണ് .അവനാണെങ്കിൽ സേഫ് ആയിട്ട് അകത്ത് കയറി കുറ്റിയും ഇട്ടു .ജാംഗോ പെട്ടു .. !പതുക്കെ അവിടുന്നു സ്കൂട് ആയി അടുക്കളയിൽ പോയി കുറേ നേരം ഇരുന്നു .അവിടെയും അത്ര സേഫ് ആയി തോന്നിയില്ല പതുക്കെ റൂമിലേക്ക് വിട്ടു .അഞ്ചു മിനിട്ട് കഴിഞ്ഞ് പോയി നോക്കാം എന്ന് കരുതി ആ ബെഡ്ഡിലേക്ക് ഒന്നു ചരിഞ്ഞത് ഓർമയുണ്ട്  ഞാൻ ചെറുതായിട്ട് ഒന്ന് മയങ്ങി പോയി .. 
അളിയൻ കാര്യം കഴിഞ്ഞ് സ്ത്രീ ജൻമം പുണ്യ ജൻമം എന്ന് പാടി . തിരിച്ച് എന്റെ ഭാഗത്ത് നിന്നും റിപ്ലേ ഒന്നുമില്ല .അളിയൻ വീണ്ടും പാടി കുറച്ചു കൂടി ഉച്ചത്തിൽ . നോ റിപ്പേ .! അളിയന് ചെറുതായിട്ട് പേടിയായി .പിന്നെ ഒന്നും നോക്കിയില്ല നാട്ടുകാരു വരെ കേൾക്കുന്ന ഒച്ചയിൽ തൊണ്ട വലിച്ചു കീറി "സ്ത്രീ '... ജൻമം പുണ്യ ജൻമം .... !"ഇത്തവണ റിപ്ലേ വന്നു പക്ഷേ പ്രതീക്ഷിച്ച സ്ഥലത്ത് നിന്നല്ലന്നു മാത്രം .താഴെ അയൽ വീടുകളിലെ  ലൈറ്റ് കത്തി .ദാദിയമ്മയും ഞെട്ടി എഴുന്നേറ്റു അങ്ങനെ എല്ലാ സ്ത്രീ ജൻമങ്ങളുടെയും അനുഗ്രഹ ആശംസകൾ ഏറ്റുവാങ്ങിയാണ് അളിയൻ റുമിലെത്തിയത് .എന്തൊക്കെയോ ഒച്ചപ്പാടും ബഹളവും കേട്ടാണ് ഞാൻ എഴുന്നേറ്റത് .. കണ്ണു തുറന്ന പോൾ കാണുന്നത് ഊരിപ്പിടിച്ച നിക്കറുമായി  അവൻ പിന്നിൽ ദാദിയമ്മ കലിപ്പിൽ ഇനി മേലാൽ കൂട്ടു കിടക്കാനാണെന്നും പറഞ്ഞ് രണ്ടാളും ഇങ്ങോട്ട് വരണ്ട .. രണ്ടു പേടിത്തൂറികൾ വന്നിരിക്കുന്നു കൂട്ടിന് .."
തുറന്ന കണ്ണ് ഞാൻ ഇറുക്കിയടച്ചു ഉറങന്നത് പോലെ തന്നെ അങ്ങ് കിടന്നു .അങ്ങനെ പാതിരാത്രിയിൽ സ്ത്രീകൾ പുണ്യ ജൻമങ്ങൾ ആണെന്ന് ഉറക്കെ പ്രഖ്യാപിച്ചതിന് ഞങ്ങൾ രണ്ടാളും പുറത്തായി ...!

Comments