ജോമോൾ !

ഒഴിവു വേളയിൽ ഫെയ്സ് ബുക്ക് വെറുതേ ഇങ്ങനെ സ്ക്രോൾ ചെയ്തപ്പോൾ ആണ് .ഇങ്ങനെ ഒരു ചിന്ത മനസ്സിൽ വന്നത് .മുഖം മനസ്സിന്റ കണ്ണാടി എന്ന പോലെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ ഓരോ ആളുകളുടെ അപ്പോഴത്തെ മനോ നിലയും രേഖപ്പെടുത്തുന്നില്ലേ ..?
           കൗതുകത്തിനു പഴയകൂട്ടുകാരുടെയും കൂടെ പഠിച്ചവരുടെയുമൊക്കെ  മനോ നിലയിലേക്ക് വെറുതെ ഒന്നു എത്തി നോക്കിയപ്പോൾ .സോഷ്യൽ മീഡിയയിൽ സജീവമായ ആൺ കുട്ടികൾ പലരും ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ആണ് .. ചിലർ സിനിമാ ഭ്രാന്തൻ മാരും ,സാഹിത്യകാരും ( ഫെയ്സ് ബുക്കിൽ മാത്രം )പണ്ടു തല തെറിച്ചു നടന്ന ചിലർ ചിത്രത്തിലേ ഇല്ല .ചികഞ്ഞു നോക്കിയാൽ ചിലപ്പോൾ ഒന്നു രണ്ടു വർഷങ്ങൾക്ക് മുൻപ് അവസാനം ഷെയർ ചെയ്തത് ദൈവത്തെ പ്രകീർത്തിച്ചുള്ള ഒരു പോസ്റ്റ് .അതിനു ശേഷം എവിടെയാണോ ആവോ ..? ദൈവവും കൈ വെടിഞ്ഞോ .. ?
അവസാനം കല്യാണ ഫോട്ടോയോടെ വെടി തീർന്ന മഹാൻമാരും കുറവല്ല .
പെൺകുട്ടികൾ പലരും പ്രാരാബ്ധക്കാരായി. എന്നാലും സമയം കിട്ടിയാൽ അസുഖക്കാരായ ആൾക്കാരുടെയും കുട്ടികളുടെയും സഹായം ചോദിച്ചുള്ള പോസ്റ്റുകളും .നല്ല ഭർത്താവ് എങ്ങനെ ആയിരിക്കണം .കുട്ടികളുടെ ആരോഗ്യം എങ്ങനെ നിലനിർത്താം ,ഉദ്യോഗം ,വീട്ടുജോലി ,കുട്ടികളെ നോക്കൽ എല്ലാം ഒരുമിച്ചു ചെയ്യുന്ന അമ്മയുടെ വേദന സൂചിപ്പിയ്ക്കുന്ന ട്രോൾ പോസ്റ്ററുകൾ, സ്ത്രീധന വിരോധ പോസ്റ്റുകൾ . ഇത്യാദി പോസ്റ്റുകൾ ആണ് കൂടുതലും അവർ ഷെയർ ചെയ്തതായി കണ്ടത് .
ആ കൂട്ടത്തിൽ ജോമോളുടെ പോസ്റ്റുകളും കണ്ടു .. ഓരോന്നും എനിയ്ക്കെതിരെ ഉള്ള ശരങ്ങൾ പോലെ തോന്നി അവൾ ഉദ്ദേശിച്ചിട്ടില്ലെങ്കിൽ പോലും .
ഇന്നവൾ ഭാര്യ ആണ് അമ്മയാണ് .പക്ഷേ സാധാരണ അമ്മയല്ല സുഖമില്ലാത്ത എപ്പോഴും അധിക പരിചരണം ആവശ്യമുള്ളഒരു കുട്ടിയുടെ അമ്മയാണ് .
അവളുടെ വിഷമങ്ങൾ പലതും അവളടെ പോസ്റ്റുകളിൽ വ്യക്തം ..
ജോമോൾ സ്കൂളിൽ എന്റെ കൂടെ പഠിച്ചതാണ് .ഇരു നിറം, വട്ട മുഖം ,വിരിച്ചിട്ട നീണ്ട മുടി നെറ്റിയിൽ ചന്ദന പ്പൊട്ട് .അധികം സംസാരിയ്ക്കില്ല ഒരു പുഞ്ചിരി എപ്പോഴും കാണും മുഖത്ത് .അവൾ സെക്കന്റ് ലാംഗ്വേജ് മലയാളം ആയിരുന്നു ഞാൻ ഹിന്ദിയും .അഖിൽ ഉൾപ്പെടെ എന്റെ ഉറ്റ സുഹൃത്തുക്കൾ പലരും മലയാളം ആയിരുന്നു രണ്ടാം ഭാഷയായി തിരഞ്ഞെടുത്തത്  .
"അഖിൽ " അവനാണ് ഈ കഥ യിലെ യാർത്ഥ നായകൻ .ഇരു നിറവും പൂച്ചക്കണ്ണും ഹൃദ്ദിക്ക് റോഷന്റെ മസിലും ഉള്ള അവൻ എന്റെ കൂടെ നടക്കുന്നിടത്തോളം കാലം ഞാൻ എല്ലാ പെൺ കുട്ടികൾക്കും ഒരു സഹോദരൻ മാത്രമാകും എന്ന തിരിച്ചറിവ് , അവനെ എങ്ങനെ എങ്കിലും തളയ്ക്കണം എന്ന തീരുമാനത്തിൽ എന്നെ കൊണ്ടു എത്തിച്ചു.
അവൻ ഏതെങ്കിലും പെണ്ണുമായി അടുപ്പത്തിലായാൽ അതു എല്ലാരും അറിഞ്ഞാൽ പിന്നെ അവന്റെ ശല്യം ഉണ്ടാകില്ലല്ലോ..?
ആയിടയ്ക്കാണ് മലയാളം ക്ലാസിൽ അവന്റെ നോട്ട് എഴുതി കൊടുക്കുന്നത് ജോമോൾ ആണ് എന്ന് ഞാൻ അറിഞ്ഞത് .അധികം ആരോടും മിണ്ടാത്ത ജോമോൾ അവന് നോട്ട് എഴുതി കൊടുക്കണമെങ്കിൽ അവൾക്ക് അവനോട് എന്തോ ഉണ്ട് ... ഇല്ലെങ്കിൽ ഉണ്ടാക്കണം .
അതിനായി ഞാനും എന്നെ പോലെ തന്നെ ചിന്തിച്ച മറ്റു രണ്ടു സുഹൃത്തുക്കളും ചേർന്ന് ഒരു പദ്ധതി തയ്യാറാക്കി ..
അവളുടെ കൈയ്യക്ഷരത്തിൽ ഞാൻ അഖിലിനും അഖിലിന്റ കയ്യക്ഷരത്തിൽ അവൾക്കും ഓരോ ലൗ ലെറ്റർ എഴുതി .. ആരും കാണാതെ ഞങ്ങൾ രണ്ടാളുടെയും ബാഗിൽ തിരുകി .പിന്നീട് സംഭവിച്ചതെല്ലാം ഞങ്ങൾ പ്രതീക്ഷിച്ചതിനും അപ്പുറത്തായിരുന്നു .അവർ തമ്മിൽ സ്നേഹത്തിൽ ആയി .ജോമോൾക്ക് അഖിലിനോട് ഉണ്ടായിരുന്ന ആ ചെറിയ ഇഷ്ടം പ്രണയമായി മാറാൻ ആ കത്ത്തന്നെ  ധാരാളം ആയിരുന്നു .പാവം ജോമോൾ അത് അഖിൽ എഴുതിയതാണെന്ന് വിശ്വസിച്ചു .അഖിലാകട്ടെ ജോമോളെ പോലെ ഒരു പെൺകുട്ടി  ഇഷ്ടമാണെന്നു പറയുമ്പോൾ നോ എന്ന് പറയുന്നത് എങ്ങനെ യാണെന്നു കരുതി അവനും അവളെ ഇഷ്ടപ്പെടാൻ തുടങ്ങി .
അവർ പ്രണയത്തിൽ ആയി എന്ന വാർത്ത പതുക്കെ പതുക്കെ ക്ലാസ്സിലെ മറ്റു കുട്ടികളും  അറിഞ്ഞു തുടങ്ങി .പിന്നെപ്പോഴോ ഉള്ള ആൺകുട്ടികളുടെ സൗഹൃദ സംഭാഷണ വേളയിൽ അന്നത്തെ  ആ കത്തെഴുതിയത് ഞങ്ങൾ ആണെന്നുള്ള സത്യം ഞങ്ങൾ തന്നെ അവനോടു തുറന്നു പറഞ്ഞു . അവനു അതൊരു ഷോക്ക് ആയിരുന്നു .

പിന്നീട് വര്ഷങ്ങള്ക്കു ശേഷം  ഒരു ദിവസം അഖിൽ എന്നെ വിളിച്ചു .ജോമോളെ കുറിച്ച് ചോദിച്ചപ്പോൾ അവൻ ആദ്യം ഒഴിഞ്ഞു മാറി പിന്നീട് പറഞ്ഞു അത് നടക്കില്ല അളിയാ !
വീട്ടിലൊന്നും സമ്മതിക്കില്ല .ആ പ്രണയം വേണ്ടിയിരുന്നില്ല വെറുതേ അവൾക്ക് ആശ കൊടുത്തു !അതിനൊക്കെ കാരണം ഞാൻ ആണ് എന്ന രീതിയിൽ ആയിരുന്നു അവന്റെ സംസാരം .ശരിയാണ് അവനായി മുൻകൈ എടുത്തുള്ള പ്രണയം ആയിരുന്നെങ്കിൽ ചിലപ്പോൾ അവൻ ഒരു തണുത്ത കാമുകൻ ആകില്ലായിരുന്നിരിയ്ക്കാം .
വീണ്ടും ജോമോൾ എന്റെ ഓർമകളിലേക്ക് കടന്നു വന്നു ."എന്തിനാണ് നീ എന്നോട് ഇങ്ങനെ ഒക്കെ ചെയ്തത് ?'' എന്ന് ചോദിച്ച് കൊണ്ട് എന്റെ മുന്നിൽ വന്നു നിന്ന പോലെ തോന്നി .ഞാൻ ചമ്മലും കുറ്റബോധവും കൊണ്ട് തല താഴ്ത്തി .മനസ്സുകൊണ്ട് ഒരായിരം തവണ മാപ്പു പറഞ്ഞു .
.ഒരു നേരമ്പോക്കിനു ഞാൻ ചെയ്ത കാര്യം അവളെ എത്ര മാത്രം വേദനിപ്പിച്ചിട്ടുണ്ടാകും . അവൾക്ക് അവനെ  ഒരു പാട് ഇഷ്ടമായിരുന്നു .അവൻ നഷ്ടമാകും എന്നറിഞ്ഞപ്പോൾ ആ മുഖത്തെ പുഞ്ചിരി മാഞ്ഞിട്ടുണ്ടാവും .ആ കണ്ണുകൾ നിറഞ്ഞ് കൺ മഷി പടർന്നിട്ടുണ്ടാവും .ഓർക്കുമ്പോൾ വല്ലാത്ത ഒരു നീറ്റൽ .. 

പക്ഷേ അവൾ അതെല്ലാം മറന്നു കഴിഞ്ഞിരിയ്ക്കുന്നു .ഇപ്പോൾ അവൾ  പുതിയ പരീക്ഷണ കാലഘട്ടത്തെ സധൈര്യം നേരിടുകയാണ്  .
അവൾക്ക് ആരോടും പരിഭവവും ഇല്ല .
ഓരോ സ്ത്രീയുടെ മനസ്സിലും നിരന്തരം പുകയുന്ന ഒരു അഗ്നിപർവ്വതം ഉണ്ട്., സ്വയം ഉള്ളിൽ ഒതുക്കിമറ്റുള്ളവരെ അതിൽ പെട്ട് വെന്തുരുകാൻ അനുവദിയ്ക്കാതെ കൊണ്ടു നടക്കുന്ന ഒന്ന് .
 മറക്കാനും പൊറുക്കാനും സഹിയ്ക്കാനും ഉള്ള മനസ്സ് അവർക്കില്ലായിരുന്നെങ്കിൽ ,ഈ ലോകം  ഇപ്പോൾ ഇങ്ങനെ ആയിരിയ്ക്കുകയില്ലായിരുന്നു.!

Comments