സാജൻ ജോസഫ് ആലുക്കയും ഞാനും!!




സാജൻ ജോസഫ് ആലുക്ക !! ലോഹിദാദാസിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത കസ്തൂരിമാൻ എന്ന സിനിമയിലെ നമ്മളിൽ പലർക്കും റിലേറ്റു ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രം !!!

കുറച്ചു വര്ഷങ്ങള്ക്കു മുമ്പ് എന്റെ അപ്പൻ ഗൾഫ് ജീവിതം ഒക്കെ മതിയാക്കി നാട്ടിൽ സെറ്റിൽ ആയി .അല്ലറ ചില്ലറ സംരംഭങ്ങൾ  ഒക്കെ തുടങ്ങിയെങ്കിലും തുടങ്ങിയ വേഗത്തിൽ തന്നെ ഓരോന്നായി പൊട്ടി .ഞാൻ ആ സമയം ഒരു ഹോസ്പിറ്റലിലെ ഡിപ്ലോമ കുട്ടികൾക്ക് ക്ലാസ് എടുക്കലും അവരുടെ തന്നെ ലാബിൽ സ്റ്റാഫ് ആയി വർക്ക് ചെയ്യുകയും ആയിരുന്നു .അവർ തരുന്ന 3500 രൂപയും പിന്നെ അപ്പൻ എല്ലാം മതിയാക്കി ദിവസക്കൂലിയ്ക്കു മില്ലിൽ പോകാൻ തുടങ്ങി ആ കാശും മാത്രം ആയി വീട്ടിലെ വരുമാനം .അങ്ങനെ അപ്പൻ ഗൾഫിൽ ആയിരുന്നപ്പോൾ ഉണ്ടായിരുന്ന ആ പ്രൗഢി ഒക്കെ പുറമേക്ക് മാത്രം ആയി .ഞാൻ പതുക്കെ പതുക്കെ ഒരു സാജൻ ജോസഫ് ആലുക്ക ആയി മാറി തുടങ്ങി ..

എനിയ്ക്കു ഒരു വാച്ച് ഉണ്ടായിരുന്നു പക്ഷെ അത് ഓടില്ല .എന്നാലും പഠിപ്പിയ്ക്കുന്ന സർ എന്ന നിലയിൽ നല്ല ടിപ്പ് ടോപ്പിൽ പോകണമല്ലോ ..?അത് കൊണ്ട് ഓടുന്നില്ലെങ്കിലും കാണാൻ നല്ല ലുക്ക് ഉള്ള ആ വാച്ചും കെട്ടിയാണ് എന്റെ പോക്ക് . അങ്ങനെ നല്ല തിരക്കുള്ള ബസിൽ ഞാൻ നിന്ന് യാത്ര ചെയ്യുമ്പോൾ ആണ് ഒരു കൊച്ചു വിരുതൻ മനപ്പൂർവം എനിയ്ക്കിട്ടൊരു പണി തന്നതു. അവനു എന്റെ വച്ച് ഓടില്ല എന്ന് മനസ്സിലായി .എന്നിട്ടും ഉറക്കെ ഒരു ചോദ്യം ചേട്ടാ സമയം എത്രയായി ?.ഞാൻ ആദ്യം ഒന്ന് പരുങ്ങിയെങ്കിലും ഒരു സമയം അങ്ങ് ഊഹിച്ചു പറഞ്ഞു . അവൻ എന്നെ നോക്കി കളിയാക്കി ഒന്ന് ചിരിച്ചു .അപ്പോൾ മനസ്സിലായി അവൻ എനിയ്കിട്ടു മനഃപൂർവം പണി തന്നതാണെന്നു .ഞാൻ ചമ്മിയ ഒരു ചിരി അങ്ങോട്ടും കൊടുത്തു !!

ആ കാലയളവിൽ എനിയ്ക്കു ഫോൺ വല്ലതും വന്നാൽ ഞാൻ ആരും കാണാതെ മാറി നിന്നെ സംസാരിയ്ക്കാറുണ്ടായിരുന്നുള്ളു .കാരണം  എന്റെ മൊബൈലിന്റെ   ബോഡി  പൊട്ടിയാതായിരുന്നു മാറാൻ ഒരുപാടു ക്യാഷ് ആകും .ഞാൻ തല്ക്കാലം റബ്ബർ ബാൻഡ് ഇട്ടു അഡ്ജസ്റ്റ് ചെയ്തു ...
ഒരു ദിവസം ക്ലാസ് എടുത്തു കൊണ്ടിരുന്നപ്പോൾ ഒരു പെൺകുട്ടി എഴുനേറ്റു നിന്നിട്ടു ചോദിച്ചു സർ അത്യാവശ്യമായി അമ്മയെ ഒന്ന് വിളിയ്ക്കണം ആ ഫോൺ ഒന്ന് തരുമോ ..?ഞാൻ ഒന്ന് പകച്ചു ..പെട്ടന്ന് ആ റബര് ബാൻഡ് ആണ് എന്റെ മനസ്സിൽ വന്നത് .ഞാൻ പറഞ്ഞു അതിൽ ബാലൻസ് ഇല്ല മോളെ ..ഒരു മിസ് കാൾ  എങ്കിലും കൊടുക്കാൻ ഇല്ലേ സർ അത്രയ്ക്കും അത്യാവശ്യം ആയ കൊണ്ടാണ് .ഞാൻ ഒന്ന് ആലോചിചു ..അത്രയും അത്യാവശ്യം ഉള്ളത് കൊണ്ടാവില്ലേ ഈ കുട്ടി ചോദിയ്ക്കുന്നതു .എന്റെ ദുരഭിമാനം ഓർത്തു ഞാൻ കൊടുത്തില്ലെങ്കിൽ അത് മോശമല്ലേ ..?
ഞാൻ മൊബൈൽ കൊടുത്തു .പക്ഷെ മുൻ‌കൂർ ജാമ്യം എന്നോണം  ഒരു ഡയലോഗ് കൂടെ പറഞ്ഞു “ഞാൻ രാവിലെ ഇറങ്ങുമ്പോ എന്റെ കയ്യിൽ നിന്നും വീണു മൊബൈൽ ന്റെ ബോഡി ഒന്ന് പൊട്ടി .തലകാലത്തേക്കു റബര് ബാൻഡ് ഇട്ടൊന്നു കെട്ടി ...പോകുന്ന വഴിയ്ക്കു ഏതെങ്കിലും കടയിൽ കൊടുക്കണം ...” പക്ഷെ അത് അങ്ങോട്ട് ഏറ്റില്ല എന്ന് പിന്നീടു അങ്ങോട്ട് ഉണ്ടായിരുന്ന കളിയാക്കലുകളിൽ  നിന്നും മനസ്സിലായി .

എനിയ്ക്കു ഒരു കിടിലം ഷൂസ് ഉണ്ടായിരുന്നു പക്ഷെ അതിന്റെ അകവശം കീറിയതായിരുന്നു .
അത് ഇട്ടു കൊണ്ട് പുറത്തു  പോകുമ്പോൾ ഞാൻ അത് ഉരേണ്ടി വരുന്ന അവസരങ്ങൾ കഴിവതും ഒഴിവാക്കുമായിരുന്നു .പോകുന്ന വഴിയിൽ ഏതെങ്കിലും സുഹൃത്തുക്കളോ ബന്ധുക്കളോ വീട്ടിലേക്കു കയറാൻ വിളിച്ചാൽ ഞാൻ പുറത്തു നിന്ന് തന്നെ സംസാരിച്ചു തിരക്കാണെന്നും പറഞ്ഞു മുങ്ങുമായിരുന്നു .അവനു എന്തൊരു ജാഡയാണെന്നു അവർ വിചാരിച്ചിട്ടുണ്ടാവും ....

സമാനമായ ഒരുപാടു അനുഭവങ്ങൾ  നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ടാകാം

ഗൾഫ് !!! അവിടുന്നുള്ള വരുമാനം നിലച്ചാൽ  നാട്ടിലുള്ള  ഭൂരിഭാഗം പേരും “സാജൻ ജോസഫ് ആലുക്ക ”മാർ ആണ്.ഗൾഫിനെ കുറിച്ചും പ്രവാസികളെ കുറിച്ചും ഒരുപാടു ചർച്ചകൾ വരുന്ന ഈ അവസരത്തിൽ ഓർത്തു എന്ന് മാത്രം ..!!!



Comments